'സിഖുകാരെ കൊന്നവർ മണിപ്പൂരിൽ കണ്ണീരൊഴുക്കുന്നു'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

"ഭാരതം കൊല്ലപ്പെട്ടെന്ന പരാമർശത്തിൽ കോൺ​ഗ്രസ് ആർപ്പുവിളിച്ചല്ലോ. നിങ്ങളോട് രാജ്യം ഇതിനൊരിക്കലും ക്ഷമിക്കില്ല. സിഖ് കൂട്ടക്കൊലയുടെ സമയത്ത് എത്രയോ സ്ത്രീകൾ ഉപദ്രവിക്കപ്പെട്ടു, വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടു. അതേക്കുറിച്ച് പറയാൻ കോൺ​ഗ്രസ് തയ്യാറാകുമോ"
'സിഖുകാരെ കൊന്നവർ മണിപ്പൂരിൽ കണ്ണീരൊഴുക്കുന്നു'; 
കോൺ​ഗ്രസിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

ഡൽഹി: മോദി സർക്കാർ മണിപ്പൂരിൽ ഭാരതത്തെ കൊന്നു എന്ന രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിന് അതിരൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കുടുംബവാഴ്ചയും സിഖ് കൂട്ടക്കൊലയും പരാമർശിച്ചായിരുന്നു സ്മൃതി ഇറാനി തിരിച്ചടിച്ചത്. കശ്മീർ വിഷയവും സ്മൃതി ഉയർത്തിക്കാട്ടി.

"നിങ്ങൾ ഇന്ത്യ അല്ല. കാരണം നിങ്ങളാണ് ഇന്ത്യയിലെ അഴിമതിയുടെ നിർവ്വചനം. നിങ്ങളാണ് ഇന്ത്യയുടെ കഴിവില്ലായ്മ. മണിപ്പൂർ ഒരിക്കലും വിഭജിക്കപ്പെട്ടിട്ടില്ല, വിഭജിക്കപ്പെടുകയുമില്ല. കാരണം മണിപ്പൂർ ഇന്ത്യയുടെ ഭാ​ഗമാണ്. ഇന്ത്യയിലെ ജനങ്ങൾ വിശ്വസിക്കുന്നത് കഴിവിലാണ്. പക്ഷേ, നിങ്ങളെപ്പോലുള്ളവർ ഇന്ന് ഇന്ത്യയെ ഓർമ്മിപ്പിക്കുന്നത് പണ്ട് ബ്രിട്ടീഷുകാരോട് പറഞ്ഞതാണ്- ക്വിറ്റ് ഇന്ത്യ. കുടുംബവാഴ്ച ഇന്ത്യ വിട്ടു പോകൂ. കാരണം ഇന്ത്യക്ക് ആവശ്യം കഴിവുള്ളവരെയാണ്. അത് കണ്ടെത്തിക്കഴിഞ്ഞു.

കശ്മീരിനെക്കുറിച്ച് നിങ്ങൾക്ക് പറയാനാവില്ല. കാരണം കശ്മീരിന്റെ വേദന നിങ്ങൾ അറിഞ്ഞിട്ടില്ല. കശ്മീരി പണ്ഡിറ്റുകളുടെ വേദന നിങ്ങളറിഞ്ഞിട്ടില്ല. കശ്മീരിനെ വിഭജിച്ചതിനെക്കുറിച്ച്‌ നിങ്ങൾക്ക് പ്രതികരിക്കാൻ കഴിയുമോ. ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരണമെന്നാണ് പ്രതിപക്ഷം പറയുന്നത്. നിങ്ങൾക്കറിയാമോ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് അവിടെ സ്ത്രീകൾ സുരക്ഷിതരായത്.

ഭാരതം കൊല്ലപ്പെട്ടെന്ന പരാമർശത്തിൽ കോൺ​ഗ്രസ് ആർപ്പുവിളിച്ചല്ലോ. നിങ്ങളോട് രാജ്യം ഇതിനൊരിക്കലും ക്ഷമിക്കില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കോൺ​ഗ്രസ് മൗനം പാലിച്ചിട്ടുണ്ട്. സിഖ് കൂട്ടക്കൊലയുടെ സമയത്ത് എത്രയോ സ്ത്രീകൾ ഉപദ്രവിക്കപ്പെട്ടു, വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടു. അതേക്കുറിച്ച് പറയാൻ കോൺ​ഗ്രസ് തയ്യാറാകുമോ. മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ, പ്രതിപക്ഷമാണ് ചർച്ചകളിൽ നിന്ന് ഒളിച്ചോടിയത്. നിർഭയ കേസിൽ പ്രതികളെ സംരക്ഷിക്കുകയാണ് കോൺ​ഗ്രസ് ചെയ്തത്." സ്മൃതി ഇറാനി പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിനായി മോദി സർക്കാർ സ്വീകരിച്ച നടപടികളെ എണ്ണിയെണ്ണി പറഞ്ഞായിരുന്നു സ്മൃതിയുടെ പ്രസം​ഗം. അമേഠിയിലെ വികസനത്തെക്കുറിച്ചും അവർ അവകാശവാദമുന്നയിച്ചു. "കോൺ​ഗ്രസ് പ്രതിനിധീകരിച്ചിരുന്ന കാലത്ത് അവിടെ വികസനമുണ്ടായിരുന്നില്ല. അവർ കർഷകർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയാണ് ചെയ്തിരുന്നത്. ഞങ്ങളാണ് അവിടെ മെഡിക്കൽ കോളേജ് കൊണ്ടുവന്നത്. കോൺ​ഗ്രസ് സർക്കാരുകൾ ദളിതർക്കും ആദിവാസികൾക്കും വേണ്ടി ഒന്നും ചെയ്തില്ല". സ്മൃതി പറഞ്ഞു. കരഘോഷത്തോടെയും ആരവത്തോടെയുമാണ് ഭരണപക്ഷം സ്മൃതിയുടെ പ്രസം​ഗം ഏറ്റെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com