'മണിപ്പൂരിൽ ഭാരതത്തെ കൊന്നു'; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ

"ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ്. നിങ്ങൾ രാജ്യദ്രോഹികളാണ്"
'മണിപ്പൂരിൽ ഭാരതത്തെ കൊന്നു'; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ

ഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ച തുടരുന്നതിനിടെ രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തി. തന്റെ അം​ഗത്വം തിരിച്ചുതന്നതിൽ നന്ദിയെന്ന് രാഹുൽ പറഞ്ഞു.

ഇന്നത്തെ തന്റെ പ്രസം​ഗം അദാനിയെക്കുറിച്ചല്ലെന്ന് രാഹുൽ പറഞ്ഞു. രാഹുൽ സംസാരിക്കുന്നതിനിടെ സഭയിൽ ബഹളം ഉണ്ടായി. ബിജെപി അം​ഗങ്ങൾ‌ ക്വിറ്റ് ഇൻഡ്യ മുദ്രാവാക്യം മുഴക്കി ബഹളം വെക്കുകയായിരുന്നു. റൂമിയെ ഉദ്ധരിച്ചാണ് രാഹുൽ സംസാരിച്ചു തുടങ്ങിയത്.

"ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഹൃദയത്തിൽ നിന്നാണ്. ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങൾ കേൾക്കും. ഇന്ന് ഭയക്കേണ്ടതില്ല. അ​ദാനിയെക്കുറിച്ചല്ല ഞാൻ പറയുക. രാജ്യത്തെ അറിഞ്ഞുള്ള എന്റെ യാത്ര അവസാനിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഞാൻ യാത്ര ചെയ്തു. കശ്മീർ വരെ സഞ്ചരിച്ചു. യാത്രയുടെ ലക്ഷ്യം പലരും ചോദിച്ചു. എന്റെ യാത്ര ഇനിയും തുടരും. ഭാരത് ജോഡോയിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചു. യാത്ര ആരംഭിച്ചപ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രതിസന്ധികളിൽ ഏതെങ്കിലും ഒരു ശക്തി എന്റെ സഹായത്തിന് വരും. .

മോദിയുടെ ജയിലിൽ പോകാനും ഞാൻ തയ്യാറാണ്. പത്തുവർഷമായി ബിജെപി സർക്കാർ എന്നെ ഉപദ്രവിക്കുന്നു, അപകീർത്തിപ്പെടുത്തുന്നു. കുറച്ചുദിവസം മുമ്പ് ഞാൻ മണിപ്പൂരിൽ പോയിരുന്നു. അവിടെ ക്യാംപുകളിൽ പോയി ഞാൻ സ്ത്രീകളോട് സംസാരിച്ചു, അവർ പറഞ്ഞതൊക്കെ കേട്ടു. കുട്ടികളോട് സംസാരിച്ചു. നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയിട്ടില്ല. മണിപ്പൂരെന്താ ഇന്ത്യയിൽ അല്ലേ.മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാൻ കണ്ടു, അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോൾ സ്ത്രീകൾ തളർന്നുവീഴുകയാണ്.

ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരിൽ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങൾ‌ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങൾ അതിക്രമം നടത്തുമ്പോൾ ഭാരതമെന്ന മാതാവിനെയാണ് നിങ്ങൾ‌ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ്. നിങ്ങൾ രാജ്യദ്രോഹികളാണ്"-രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാവണനെപ്പോലെയാണെന്നും രാഹുൽ ആരോപിച്ചു. മോദി കേൾക്കുന്നത് ഭാരതത്തെയല്ല, അമിത് ഷായെയും ​ഗൗതം അദാനിയെയും മാത്രമാണ്. രാവണനും അങ്ങനെയായിരുന്നു, രണ്ടു പേരെ മാത്രമാണ് കേട്ടത്. വിഭീഷണനെയും മേഘനാദനെയും മാത്രം. രാഹുൽ പറഞ്ഞു.

രാഹുലിന്റെ പ്രസം​ഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിനിടെയാണ് രാഹുൽ പ്രസം​ഗം പൂർത്തിയാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com