അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശന മുനയില്‍ നിര്‍ത്തി 'ഇന്‍ഡ്യ'

പ്രധാനമന്ത്രി സഭയിലെത്തുന്നതിനാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത്
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശന മുനയില്‍ നിര്‍ത്തി 'ഇന്‍ഡ്യ'

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്‍ഡ്യാ സഖ്യം. പ്രതിപക്ഷ നിരയില്‍ നിന്നും രണ്ടാമത് സംസാരിച്ച ഡിഎംകെ നേതാവ് ടിആര്‍ ബാലു രൂക്ഷ വിമര്‍ശനമാണ് സര്‍ക്കിനെതിരെ ഉയര്‍ത്തിയത്. പ്രധാനമന്ത്രി സഭയിലെത്തുന്നതിനാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നിര്‍ബന്ധിതരായതെന്ന് പരിഹസിച്ച ടിആര്‍ ബാലു മണിപ്പൂരില്‍ ന്യൂനപക്ഷങ്ങളെ നിഷ്ഠൂരമായി കൊന്നു തള്ളുന്നുവെന്നും കുറ്റപ്പെടുത്തി. തിരുക്കുറള്‍ ഉദ്ധരിക്കുന്നതല്ലാതെ പ്രധാനമന്ത്രി തമിഴ്‌നാടിന് വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു.

ടിഎംസി എംപി സൗഗത റോയ് രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് സ്ത്രീകള്‍ പരസ്യമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി വിദേശ പര്യടനത്തില്‍ ആയിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന സെയില്‍സ്മാനാണെന്നും സൗഗത് റോയ് വിമര്‍ശിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശ്വസിക്കുന്നില്ലെന്നും ടിഎംസി എംപി ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഫെഡറലിസം തകര്‍ക്കുകയാണെന്നും തൃണമൂല്‍ എംപി കുറ്റപ്പെടുത്തി.

ബിജെപിയുടെ കൈയ്യില്‍ അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീന്‍ ഉണ്ടെന്നും അതിന് ഉദാഹരണമാണ് അജിത് പവാറെന്നും സൗഗത റോയ് ചൂണ്ടിക്കാണിച്ചു. ഇഡിയെയും സിബിഐയെയും രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഉപയോഗിക്കുന്നുവെന്നും ടിഎംസി കുറ്റപ്പെടുത്തി. ബിജെപി മുഖ്യമന്ത്രിയെ നീക്കി മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ടിഎംസി ആവശ്യപ്പെട്ടു. മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നൂഹ് സംഘര്‍ഷത്തില്‍ മുസ്ലിം വീടുകള്‍ മാത്രം പൊളിക്കുന്നുവെന്നും ടിഎംസി കുറ്റപ്പെടുത്തി.

മണിപ്പൂരില്‍ ലജ്ജാകരമായ മണ്ടത്തരങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ വിമര്‍ശിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകു എന്ന അസന്നിഗ്ധ നിലപാടും സഭയില്‍ എന്‍സിപി ശരദ് പവാര്‍ വിഭാഗം ഉന്നയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവിന്റെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. രാജസ്ഥാനിലെ വിഷയങ്ങള്‍ക്കൊപ്പം ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ഡിംപിള്‍ ആവശ്യപ്പെട്ടു. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുള്ള ഉത്തര്‍പ്രദേശില്‍ ഓരോ മൂന്ന് മണിക്കൂറിലും ഒരു സ്ത്രീ വീതം പീഡനത്തിന് ഇരയാകുന്നുവെന്നും ഡിപിംള്‍ ചൂണ്ടിക്കാണിച്ചു. മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയുള്ള കലാപമാണെന്നും സമാജ്‌വാദി എംപി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com