'മണിപ്പൂർ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെ, മോദിയോട് മൂന്ന് ചോദ്യങ്ങള്‍';അവിശ്വാസ പ്രമേയം ലോക്സഭയിൽ

"രാജ്യമാണ് കത്തുന്നത്. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി വേണം. മോദിയോട് മൂന്ന് ചോദ്യങ്ങളാണ് ഉള്ളത്".
'മണിപ്പൂർ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെ, മോദിയോട് മൂന്ന് ചോദ്യങ്ങള്‍';അവിശ്വാസ പ്രമേയം ലോക്സഭയിൽ

ഡൽഹി: മണിപ്പൂർ വിഷയത്തിൽ ഇൻഡ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചു. ഗൗരവ് ഗോഗോയ് ആണ് പ്രമേയം അവതരിപ്പിച്ചത്. മണിപ്പൂർ കത്തുന്നത് ഇന്ത്യ കത്തുന്ന പോലെയാണെന്ന് ​ഗൗരവ് ​ഗൊ​ഗോയ് അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാരിനെതിരെയും മണിപ്പൂര്‍ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഗൊഗോയ് ഉന്നയിച്ചത്.

"രാജ്യമാണ് കത്തുന്നത്. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി വേണം. മോദിയോട് മൂന്ന് ചോദ്യങ്ങളാണ് ഉള്ളത്. എന്തുകൊണ്ട് മണിപ്പൂരിൽ പോയില്ല. മൗനം വെടിയാൻ എന്തുകൊണ്ട് 80 ദിവസം വേണ്ടി വന്നു. മണിപ്പൂർ മുഖ്യമന്ത്രിയെ എന്തിനാണ് സംരക്ഷിക്കുന്നത്. രണ്ട് വിഭാ​ഗങ്ങൾ ഇങ്ങനെ ഏറ്റുമുട്ടുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. മണിപ്പൂരിലെ ഡബിൾ എഞ്ചിൻ സർക്കാർ പരാജയമാണ്. ഏക ഇന്ത്യയെന്ന് പറഞ്ഞവർ മണിപ്പൂരിനെ രണ്ടാക്കി. പ്രധാനമന്ത്രിയുടെ മൗനം അവസാനിപ്പിക്കാനാണ് ഈ പ്രമേയം"-ഗൌരവ് ഗൊഗോയ് പറഞ്ഞു.

ഇന്റലിജൻസ് ഏജൻസികളുടെ പരാജയമാണ് മണിപ്പൂരിൽ കാണുന്നത്. 30 സെക്കന്റ് മാത്രമാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. വീഡിയോ വൈറൽ ആയില്ലായിരുന്നെങ്കിൽ മോദി ഇപ്പോഴും മൗനം പാലിക്കുമായിരുന്നു. എന്താണ് നടക്കുന്നതെന്ന് ബിജെപി നേതാക്കൾ തന്നെ ചോദിക്കുന്നു. കലാപകാരികൾ സുരക്ഷാസേനയുടെ ആയുധങ്ങൾ കൊള്ളയടിക്കുകയാണ്. മണിപ്പൂർ മന്ത്രിമാർക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ട്. എല്ലായിടത്തും നീതി നിഷേധമാണ് കാണാനാവുക. ഇരുവിഭാ​ഗങ്ങളെയും ഒന്നിച്ചിരുത്തി ചർച്ചയ്ക്ക് പോലും ആഭ്യന്തര മന്ത്രി തയ്യാറാവുന്നില്ല. വീണ്ടും വരാം എന്ന് പറഞ്ഞുപോയ ആഭ്യന്തരമന്ത്രി പിന്നീട് എന്തുകൊണ്ട് വന്നില്ല. പാർലമെന്റ് മണിപ്പൂരിനൊപ്പം നിൽക്കണമെന്നും ഗൗരവ് ​ഗൊ​ഗോയ് പറഞ്ഞു.

"മണിപ്പൂരിലെ സ്ഥിതി വഷളാക്കിയത് മുഖ്യമന്ത്രി ബീരേൻ സിം​ഗാണ്. കേന്ദ്രസർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇത് ആരുടെ സർക്കാരാണ്. പലരുടെയും പേര് പറഞ്ഞപ്പോൾ പ്രതികരണമില്ല. അദാനിയുടെ പേര് പറഞ്ഞപ്പോൾ ഭരണപക്ഷം പ്രകോപിതരായി. നിങ്ങൾ പോപ്പുലർ ഫ്രണ്ടിനെക്കുറിച്ചും ഈസ്റ്റ് ഇന്ത്യ കമ്പനിയെ ക്കുറിച്ചും പറയുമ്പോൾ ഞങ്ങൾ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന് പറയുന്നു.നിങ്ങൾ കോടീശ്വരന്മാരുടെ വികസനം ആഗ്രഹിക്കുമ്പോൾ ഞങ്ങൾ രാജ്യത്തിന്റെ വികസനം ആഗ്രഹിക്കുന്നു". ഗൗരവ് ​ഗൊ​ഗോയ് പറഞ്ഞു.

കേന്ദ്ര സർക്കാരിന് എതിരായ ഇൻഡ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയുമാണ് ചർച്ച ചെയ്യുക. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസം കൊണ്ടുവന്ന ഗൗരവ് ഗോഗോയ് കഴിഞ്ഞാൽ പ്രതിപക്ഷ നിരയിൽ നിന്ന് സംസാരിക്കുക രാഹുൽ ഗാന്ധിയാകും. കേന്ദ്രമന്ത്രിമാരിൽ നിർമ്മലാ സീതാരാമൻ, സ്മൃതി ഇറാനി, അമിത് ഷാ എന്നിവരാണ് ചർച്ചയിൽ സംസാരിക്കുക.

കേരളത്തിൽ നിന്ന് 4 എംപിമാരുടെ പേര് ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിപക്ഷ അം​ഗങ്ങളുടെ പട്ടികയിലുണ്ട്. ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ എന്നിവരാണ് കോൺഗ്രസ് പട്ടികയിൽ ഉള്ളത്. എൻ കെ പ്രേമചന്ദ്രൻ ആർ എസ് പിയിൽ നിന്ന് സംസാരിക്കും.

അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള അംഗബലം സർക്കാരിനുണ്ട്. പ്രമേയത്തിലുടെ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ തുടരുന്ന മൗനം അവസാനിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കുന്നുണ്ട്. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയെന്ന ആവശ്യമാണ് 'ഇന്ത്യ' കൂട്ടായ്മ ഒന്നാം ദിവസം മുതൽ ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ ഹ്രസ്വചര്‍ച്ചയാവാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റൂ എന്ന നിലപാടും പ്രതിപക്ഷം സ്വീകരിച്ചിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി സഭയില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയത്തിലേക്ക് പ്രതിപക്ഷം കടന്നത്.

തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാവിലെ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിക്കാനുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. നേരത്തെ അംഗത്വം റദ്ദാക്കിയ വിജ്ഞാപനം ഇറക്കിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയാല്‍ മാത്രമെ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com