ഗ്യാന്‍വാപി സർവ്വേ പുറത്ത് വന്നാല്‍ എന്താകുമെന്ന് അറിയില്ല; അയോധ്യ ഓര്‍മ്മിപ്പിച്ച് ഒവെെസി

ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം
ഗ്യാന്‍വാപി സർവ്വേ പുറത്ത് വന്നാല്‍ എന്താകുമെന്ന് അറിയില്ല; അയോധ്യ ഓര്‍മ്മിപ്പിച്ച് ഒവെെസി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയിലെ എഎസ്‌ഐ സര്‍വ്വേയില്‍ ആശങ്ക പ്രകടിപ്പിച്ച് എഐഎംഐഎം മേധാവി അസുദുദ്ദീന്‍ ഒവൈസി. റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് ആര്‍ക്കാണ് അറിയാനാവുകയെന്ന് ഒവൈസി ട്വീറ്റ് ചെയ്തു. ഡിസംബര്‍ 23 അല്ലെങ്കില്‍ ഡിസംബര്‍ 6 ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നതെന്നും ഒവൈസി സൂചിപ്പിച്ചു. 1949 ഡിസംബര്‍ 23 നായിരുന്നു രാമ വിഗ്രഹം ബാബറി മസ്ജിദിനുള്ളില്‍ പ്രതിക്ഷപ്പെടുന്നത്. 1992 ഡിസംബര്‍ 6 നായിരുന്നു ബാബറി മസ്ജിദ് തകര്‍ത്തത്. ഈ രണ്ട് തീയതികള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ഒവൈസിയുടെ ട്വീറ്റ്.

ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമം, 1991 സംബന്ധിച്ച് സുപ്രീംകോടതി നിരീക്ഷണം അനാദരിക്കപ്പെടാന്‍ പാടില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം.

1991ലെ ആരാധാനാലയ നിയമ പ്രകാരം സര്‍വേ തടയണമെന്നായിരുന്നു മസ്ജിദ് കമ്മറ്റിയുടെ വാദം. വാദം കേട്ട സുപ്രീം കോടതി കെട്ടിടത്തെ ബാധിക്കാതെ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നീക്കം സാഹോദര്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കമാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.

നേരത്തെ സര്‍വേക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത്. തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്നും സര്‍വേ തടയണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ഹര്‍ജിക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com