ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ ആരംഭിച്ചു; കനത്ത സുരക്ഷ, പള്ളികമ്മിറ്റി ഹര്‍ജി ഇന്ന് പരിഗണിക്കും

ഹൈക്കോടതി നിര്‍ദേശ പ്രകാരം ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ എത്തി സര്‍വ്വേ ആരംഭിച്ചു
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ ആരംഭിച്ചു; കനത്ത സുരക്ഷ, പള്ളികമ്മിറ്റി ഹര്‍ജി ഇന്ന് പരിഗണിക്കും

വാരാണസി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വ്യാഴാഴ്ച്ചയായിരുന്നു അലഹബാദ് ഹൈക്കോടതി പളളി പരിസരത്ത് സര്‍വ്വേ നടത്താന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് പള്ളികമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതിനിടെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ എത്തി സര്‍വ്വേ ആരംഭിച്ചു. 51 അംഗ സംഘമാണ് സര്‍വ്വേ നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് വാരാണസിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദം പരിശോധിക്കാന്‍ സര്‍വ്വേ നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ന്യായമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. സര്‍വ്വേയുടെ ഭാഗമായി പള്ളിപരിസരത്ത് കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നേരത്തെ അഭിഭാഷക സംഘം നടത്തിയ സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയതായി പറയുന്നിടത്ത് സുപ്രീംകോടതി വിലക്കുള്ളതിനാല്‍ പരിശോധനയുണ്ടാവില്ല.

ഗ്യാന്‍വാപി പള്ളി നില്‍ക്കുന്നിടത്ത് നേരത്തെ ക്ഷേത്രമായിരുന്നുവെന്നും സര്‍വ്വേ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്. പള്ളി പരിസരത്ത് സ്വയംഭൂവായ ജ്യോതിര്‍ലിംഗം ഉണ്ടായിരുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു. പിന്നീട് ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് പള്ളി പണിയുകയായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ക്ക് ആരാധനാ സൗകര്യം പുനഃസ്ഥാപിച്ചുകിട്ടണമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ സര്‍വ്വേയ്ക്ക് അനുമതി നല്‍കിയത് ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com