'ആത്മാഭിമാനത്തിന് എതിരായി പ്രവർത്തിക്കാൻ കഴിയില്ല'; ജസ്റ്റിസ് രോഹിത് ഡിയോ രാജിവച്ചു

ബെഞ്ച് ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളിൽ നിന്നും ഡിയോ പിൻവാങ്ങി.
'ആത്മാഭിമാനത്തിന് എതിരായി പ്രവർത്തിക്കാൻ കഴിയില്ല'; ജസ്റ്റിസ് രോഹിത് ഡിയോ രാജിവച്ചു

മുംബൈ: ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അധ്യക്ഷൻ ജസ്റ്റിസ് രോഹിത് ഡിയോ രാജിവച്ചു. തന്റെ ആത്മാഭിമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് തുറന്ന കോടതിയിൽ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം രാജിവച്ചത്.

'ഞാൻ രാജിക്കത്ത് സമർപ്പിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദമുണ്ട്. എനിക്ക് എന്റെ ആത്മാഭിമാനത്തിന് എതിരായി പ്രവർത്തിക്കാൻ കഴിയില്ല. നിങ്ങൾ കഠിനാധ്വാനം ചെയ്യുക,' ജസ്റ്റിസ് ഡിയോ കോടതിയിൽ ഹാജരായ അഭിഭാഷകരോട് പറഞ്ഞു. ബെഞ്ച് ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളിൽ നിന്നും ഡിയോ പിൻവാങ്ങി.

എന്നാൽ, തീരുമാനത്തിന് പിന്നിലെ കാരണം രോഹിത് ഡിയോ വ്യക്തമാക്കിയിട്ടില്ല. ചില അവസരങ്ങളിൽ അഭിഭാഷകരോട് കർശനമായി പെരുമാറിയതിന് അദ്ദേഹം അവരോട് ക്ഷമാപണം നടത്തി. 'നിങ്ങളോരോരുത്തരോടും ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങൾ നന്നാവണം എന്നുള്ളതുകൊണ്ടാണ് ഞാൻ നിങ്ങളെ ശകാരിച്ചത്. നിങ്ങളെ ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം നിങ്ങൾ എല്ലാവരും എനിക്ക് ഒരു കുടുംബം പോലെയാണ്,' അദ്ദേഹം പറഞ്ഞു.

2017 ജൂണിൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് രോഹിത് ഡിയോ 2025 ഡിസംബറിലാണ് വിരമിക്കേണ്ടത്. 2022-ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഡൽഹി സർവ്വകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയതും ജസ്റ്റിസ് ഡിയോയുടെ ശ്രദ്ധേയമായ ചില വിധികളിൽ ഒന്നാണ്. സുപ്രീം കോടതി പിന്നീട് ഉത്തരവ് സ്റ്റേ ചെയ്യുകയും കേസ് വീണ്ടും കേൾക്കാൻ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനോട് ഉത്തരവിടുകയും ചെയ്തു.

നാഗ്പൂർ-മുംബൈ സമൃദ്ധി എക്സ്പ്രസ് വേയുടെ നിർമാണ പ്രവർത്തനത്തിനിടെ കരാറുകാർ നടത്തിയ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ആരംഭിച്ച എല്ലാ നടപടികളും റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാരിന് അധികാരം നൽകി ഈ വർഷം ജനുവരി മൂന്നിന് പുറപ്പെടുവിച്ച സർക്കാർ പ്രമേയം (ജിആർ) അദ്ദേഹം കഴിഞ്ഞ ആഴ്ച സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ്, 2016ൽ മഹാരാഷ്ട്ര സർക്കാരിന്റെ ആക്ടിംഗ് അഡ്വക്കേറ്റ് ജനറലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com