ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

കെപിസിസി ഭാരവാഹികളും എംപിമാരും അടക്കം 25ഓളം പേര്‍ യോഗത്തില്‍ പങ്കെടുക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേരും. എഐസിസി ആസ്ഥാനത്ത് വൈകീട്ട് 3 മണിക്കാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കെപിസിസി ഭാരവാഹികളും എംപിമാരും അടക്കം 25 ഓളം പേര്‍ യോഗത്തില്‍ പങ്കെടുക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയാകും. ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍ അതൃപ്തി അറിയിച്ചേക്കും. കെപിസിസി പുനഃസംഘടന വൈകുന്നതടക്കുള്ള അതൃപ്തിയും യോഗത്തില്‍ ഉയര്‍ന്നേക്കും.

കര്‍ണാടകയില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ചു ചേര്‍ന്ന യോഗത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയാവണമെന്നത് ചര്‍ച്ചയായി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങള്‍ എന്തെന്ന് ചര്‍ച്ചചെയ്യുന്നതിനും മന്ത്രിമാരും എംഎല്‍എമാരും ഡല്‍ഹി സന്ദര്‍ശിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ചില മന്ത്രിമാരുമായി തങ്ങള്‍ക്ക് ആശയവിനിമയം സാധ്യമാവുന്നില്ലെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്നുമുള്ള എംഎല്‍എമാരുടെ പരാതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com