ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ്; ബ്രിജ് ഭൂഷണിന്റെ പാനലിൽ വിശ്വസ്തനുൾപ്പടെ 18 പേർ

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സഞ്ജയ് കുമാർ സിങ് ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനാണ്.
ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ്; ബ്രിജ് ഭൂഷണിന്റെ പാനലിൽ വിശ്വസ്തനുൾപ്പടെ 18 പേർ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള ബ്രിജ് ഭൂഷൺ ശരൺ സിങിന്റെ പാനലിൽ 18 പേർ. സഞ്ജയ് കുമാർ സിങ്ങാണ് പ്രസിഡന്റ് സ്ഥാനാർത്ഥി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സഞ്ജയ് കുമാർ സിങ് ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനാണ്. ഓഗസ്റ്റ് 12-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണോ ബ്രിജ് ഭൂഷന്റെ കുടുംബത്തിൽ നിന്നുള്ളവരോ മത്സരിക്കുന്നില്ല.

ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പീഡന പരാതിക്ക് പിന്നാലെ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനെ ചുമതലയിൽ നിന്ന് മാറ്റുകയും ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അഡ്ഹോക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയ ഗുസ്തി താരങ്ങളും കായിക മന്ത്രി അനുരാഗ് താക്കൂറും തമ്മിൽ നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷൺ സിങോ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ളവരോ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ധാരണയായിരുന്നു.

പലതവണ മാറ്റിവെച്ച ശേഷമാണ് ഫെഡറേഷൻ തിരഞ്ഞെടുപ്പിനുള്ള തിയതി ഓ​ഗസ്റ്റ് 12 ആയി പ്രഖ്യാപിച്ചത്. ലൈംഗികാതിക്രമ കേസില്‍ ജൂലൈ 20-ന് ഡൽഹി കോടതി ബ്രിജ്ഭൂഷണ് സ്ഥിര ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ബ്രിജ് ഭൂഷൺ വിചാരണ നേരിടണമെന്നായിരുന്നു ഡല്‍ഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ആവശ്യം. ഗുസ്‌തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവർ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. തനിക്കെതിരെ സമരത്തിനിറങ്ങിയ ബജ്‌റംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കിയതിനെതിരെ ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com