'ഉറങ്ങാനായില്ല, എനിക്കും രണ്ട് പെണ്‍മക്കളാണ്'; മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ കുറ്റപ്പെടുത്തി ഒരമ്മ

സംഘർഷത്തിൽ പ്രതിഷേധിക്കാൻ വൈകിയ മോദിയേയും രാഷ്ട്രപതിയെയും വനിതാ മന്ത്രിമാരേയും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഭെൻഗ്രയുടെ പ്രതികരണം.
'ഉറങ്ങാനായില്ല, എനിക്കും രണ്ട് പെണ്‍മക്കളാണ്'; മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ കുറ്റപ്പെടുത്തി ഒരമ്മ

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് 62കാരിയായ ജ്യോതി ഭെന്‍ഗ്ര. റിട്ടയർ നഴ്സാണ് ഭെൻഗ്ര. സംഘർഷത്തിൽ പ്രതിഷേധിക്കാൻ വൈകിയ മോദിയേയും രാഷ്ട്രപതിയുൾപ്പടെയുള്ള വനിതാ മന്ത്രിമാരേയും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഭെൻഗ്രയുടെ പ്രതികരണം. മണിപ്പൂര്‍ പ്രതിഷേധത്തിന് ശേഷം റാഞ്ചി ലൈവ് എന്ന പ്രാദേശിക ടിവി ചാനലിലെ റിപ്പോര്‍ട്ടറോട് സംസാരിക്കുകയായിരുന്നു ഭെൻഗ്ര.

'മോദി ഇവിടെ ഇല്ല. കഴിഞ്ഞ മാസം മുതല്‍ നിങ്ങള്‍ മോദിയെ കണ്ടിട്ടുണ്ടോ? മോദി ഇന്ത്യയിൽ താമസിക്കുന്നുണ്ടോ? അദ്ദേഹം വിദേശത്തെ മോദിയാണ്, ഇന്ത്യയുടേതല്ലാ'; ഭെന്‍ഗ്ര പറഞ്ഞു. മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിക്കുന്നതില്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡന്റിനേയും കേന്ദ്ര മന്ത്രിമാരെയും ഭെന്‍ഗ്ര കുറ്റപ്പെടുത്തുകയും ചെയ്തു. ചിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ ഭെൻഗ്രയുടെ പ്രതികരണ വീഡിയോ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും ഗോത്രവര്‍ഗത്തിലെ മന്ത്രിമാ‍ർക്കും എതിരെയുള്ള ശക്തവും നീതിയുക്തവുമായ കുറ്റാരോപണമാണിതെന്ന് അദ്ദേഹം കുറിച്ചു.

'വീഡിയോ കണ്ടപ്പോള്‍ വളരെ അസ്വസ്ഥയായി. രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചില്ല. ഭക്ഷണം പാേലും കഴിക്കാനായില്ല. തനിക്ക് രണ്ട് പെണ്‍മക്കളാണ്. മൂത്ത മകള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. 2022 ജൂലൈയില്‍ ജംഷഡ്പൂരില്‍ നിന്ന് മടങ്ങുമ്പോള്‍ എന്റെ ഇളയമകള്‍ ഒരു റോഡപകടത്തില്‍ മരിച്ചു. എന്റെ പെണ്‍മക്കൾക്കാണ് ഈ അക്രമം നടന്നിരുന്നതെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ചു. വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടികളിൽ ഒരാളുടെ പ്രായമായിരുന്നു മകള്‍ക്ക്', ഭെന്‍ഗ്ര ടെലഗ്രാഫിനോട് പറഞ്ഞു.

അതേസമയം, മാധ്യമങ്ങളേയും ഭെന്‍ഗ്ര വിമര്‍ശിച്ചു. പ്രധാനമന്ത്രിയെ പുകഴ്ത്തുന്നതിന് പകരം സംഭവ സ്ഥലത്ത് പോയി സത്യം കാണിക്കാത്തതില്‍ മുഖ്യധാര മാധ്യമങ്ങളോടും ദേഷ്യമുണ്ടെന്ന് ഭെന്‍ഗ്ര പറഞ്ഞു. കൂടാതെ ബിജെപിയുടെ ട്രോൾ പട്ടാളത്തെ ഭയപ്പെടുന്നില്ലെന്നും മരിക്കാന്‍ ഭയമില്ലെന്നും ഭെൻഗ്ര വ്യക്തമാക്കി. അവസാന ശ്വാസം വരെ വീഡിയോയില്‍ പറഞ്ഞ ഓരോ വാചകത്തിലും ഉറച്ചു നില്‍ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

18 വര്‍ഷത്തിലേറെക്കാലം ജംഷഡ്പൂരിലെ ജനറല്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിട്ടുണ്ട് ഭെന്‍ഗ്ര. ബൊക്കാറോയിലം ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന എന്‍ജിഒയില്‍ ജനറല്‍ നഴ്‌സായി ജോലി ചെയ്തു. റിട്ടയര്‍മെന്റിന് ശേഷം കൊവിഡ് കാലത്ത് അഞ്ചാം ഷെഡ്യൂള്‍ ഏരിയ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com