മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞ് സമരക്കാര്‍; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞ് സമരക്കാര്‍; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

തുറയില്‍ ശീതകാല തലസ്ഥാനം ആവശ്യപ്പെട്ട് ഗാരോ ഹില്‍സില്‍ നിന്നുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാണ് സമരവുമായി രംഗത്തുവന്നത്.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ ഓഫീസിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നൂറുകണക്കിനാളുകള്‍ ഓഫീസ് വളഞ്ഞതിനാല്‍ അദ്ദേഹം ഇപ്പോഴും തുറയിലെ ഓഫീസിനുള്ളിലാണ്.

ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുറയില്‍ ശീതകാല തലസ്ഥാനം ആവശ്യപ്പെട്ട് ഗാരോ ഹില്‍സില്‍ നിന്നുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാണ് സമരവുമായി രംഗത്തുവന്നത്. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ തറയില്‍ കിടക്കുന്നതും സാംഗ്മ അവരെ പരിചരിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതിനാല്‍ അദ്ദേഹത്തിന് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും സംഘര്‍ഷഭരിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെയാണ് സാംഗ്മക്ക് നേരെ പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലെറിയാന്‍ തുടങ്ങിയത്. എസിഎച്ച്‌ഐകെ, ജിഎച്ച്എസ്എംസി എന്നീ ഗ്രൂപ്പുകളാണ് സമരത്തിന് നേതൃത്വം വഹിക്കുന്നത്.

ശീതകാല തലസ്ഥാന ആവശ്യവും തൊഴില്‍ സംവരണവും സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സമരക്കാരോട് സാംഗ്മ പറഞ്ഞിരുന്നു. അടുത്ത മാസം തലസ്ഥാനത്ത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് സംഘടനകളുടെ പ്രതിഷേധം അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com