'56 ഇഞ്ചിൻ്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തറയാന്‍ 79 ദിവസം'; മോദിയെ പരിഹസിച്ച് ദ ടെലിഗ്രാഫ്

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഖേദപ്രകടനത്തെ പരിഹസിച്ചാണ് 'ദി ടെലിഗ്രാഫ്' പത്രം ഒന്നാം പേജിൽ ലീഡ് ഹെഡ്ഡിൽ മുതലക്കണ്ണീരിൻ്റെ ദൃശ്യവത്കരണം നടത്തിയിരിക്കുന്നത്
 '56 ഇഞ്ചിൻ്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തറയാന്‍ 79 ദിവസം'; മോദിയെ പരിഹസിച്ച് ദ ടെലിഗ്രാഫ്

ന്യൂഡല്‍ഹി: മണിപ്പൂരിനെക്കുറിച്ച് 78 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഖേദപ്രകടനത്തെ വിമർശിച്ച് 'ദി ടെലിഗ്രാഫ്' ദിനപത്രം. '56 ഇഞ്ചിന്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തറയാന്‍ 79 ദിവസം' എന്ന തലക്കെട്ടില്‍ മുതല കരയുന്ന ചിത്രം പത്രത്തിന്റെ ലീഡ് ഹെഡിലാണ് ഇടം പിടിച്ചിരിക്കുന്നത്.

78 ദിവസം കണ്ണീര്‍ പൊഴിക്കാത്ത മുതല 79-ാം ദിവസം കണ്ണീര്‍ വാര്‍ക്കുന്നതിന്റെ ദൃശ്യവത്കരണമാണ് പത്രത്തിലുള്ളത്. എഴുപത്തിയെട്ട് ദിവസങ്ങളെ പ്രതിനിധീകരിക്കുന്ന 78 മുതലകളെ നിരത്തി നിര്‍ത്തി 79-ാമത്തെ ദിവസത്തെ പ്രതിനിധീകരിച്ച് കണ്ണീര്‍ത്തുള്ളിയാണ് ചിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. പത്രത്തിന്റെ ആദ്യ പേജിലെ മുതലക്കണ്ണീരും വാര്‍ത്തയും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്.

മണിപ്പൂര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് പുറത്ത് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് ശക്തമായ നടപടി സ്വീകരിക്കണം. നിയമം സര്‍വ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കും. പുരോഗമന സമൂഹത്തിന് ലജ്ജകരമായ കാര്യമാണ് നടന്നതെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. പാര്‍ലമെന്റ് സെഷന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com