അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കീഴ്‌ക്കോടതിയുടെ വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാടു പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്
അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്‌യും ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച കീഴ്‌ക്കോടതി നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജൂലൈ 15ന് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കീഴ്‌ക്കോടതിയുടെ വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാടു പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെ രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായിരുന്നു. വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ റിവിഷന്‍ പെറ്റീഷനുമായി രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി സ്റ്റേ ചെയ്യാന്‍ പക്ഷെ ഗുജറാത്ത് കോടതിയും വിസമ്മതിക്കുകയായിരുന്നു. വിധി സ്‌റ്റേചെയ്യാന്‍ വിസമ്മതിച്ചു കൊണ്ട് ഗുജറാത്ത് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്.

ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെയാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com