'ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; അജിത് പവാറിനെ കണ്ട് ഉദ്ദവ് താക്കറെ

'ഉപമുഖ്യമന്ത്രിയായ അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു'
'ജനങ്ങൾക്ക് വേണ്ടി  പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; അജിത് പവാറിനെ കണ്ട് ഉദ്ദവ് താക്കറെ

മുംബൈ: ‌എൻസിപി പിളർപ്പിന് ശേഷം ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറുമായി കൂ‌ടിക്കാഴ്ച നടത്തി ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് ഉദ്ദവ് താക്കറെ. ബെംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിന് ശേഷമാണ് അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. സഖ്യകക്ഷിയായിരുന്ന എൻസിപിയിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അജിത് പവാറുമായുളള ഉദ്ദവ് താക്കറെയുടെ ആദ്യത്തെ ഔദ്യോ​ഗിക കൂടിക്കാഴ്ചയാണിത്.

അജിത് പവാർ ജനങ്ങൾക്ക് വേണ്ടി നന്നായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി കൂടിയായ ഉദ്ദവ് താക്കറെ പറഞ്ഞു. ഉപമുഖ്യമന്ത്രിയായ അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു. 2019 മുതൽ തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറി‌ച്ച് അറിയാമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. ഉദ്ദവ് താക്കറെയ്ക്കൊപ്പം മകൻ ആദിത്യ താക്കറെയും മറ്റ് നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്തെ ജനങ്ങളെ സഹായിക്കുന്നത് തുടരാനും താക്കറെ ധനമന്ത്രി കൂടിയായ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിനാൽ ജനങ്ങൾക്ക് സഹായം ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേർത്തു. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുളള മഹാ വികാസ് അഘാഡിയിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ.

കഴിഞ്ഞ മാസമാണ് അജിത് പവാറും അദ്ദേഹത്തിന്റെ നേതൃത്തിലുളള എംഎൽഎമാരും ശരദ് പവാറിന്റെ നേതൃത്വത്തിലുളള എൻസിപിയെ പിളർത്തി ഷിൻഡെ സർക്കാരിൽ ചേർന്നത്. ഇതോടെ മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും മറ്റൊരു നാടകത്തിന് സാക്ഷ്യം വഹിച്ചു. ശിവസേനയെ പിളർത്തി ബിജെപി അധികാരം പിടിച്ചെടുത്ത് ഒരു വർഷത്തിന് ശേഷമാണ് എൻസിപിയും പിളർന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com