ശക്തി മേഖലകളില്‍ അര്‍ഹമായ സീറ്റ് ആവശ്യപ്പെടും; മണ്ഡലങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങാന്‍ സിപിഐ

കൂടുതല്‍ നേതാക്കളെ വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിക്കുകയാണ് ലക്ഷ്യം
ശക്തി മേഖലകളില്‍ അര്‍ഹമായ സീറ്റ് ആവശ്യപ്പെടും; മണ്ഡലങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങാന്‍ സിപിഐ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജയസാധ്യതയുള്ള മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളെയും കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കാന്‍ സിപിഐ. കൂടുതല്‍ നേതാക്കളെ വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിയുള്ള മേഖലകളില്‍ ചര്‍ച്ചകളിലൂടെ അര്‍ഹമായ സീറ്റ് ആവശ്യപ്പെടും. എന്നാല്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള നടപടിയേ ഉണ്ടാകൂ എന്നും ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. പാര്‍ലമെന്ററി പ്രതിനിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധചെലുത്തണമെന്നാണ് ഡല്‍ഹിയില്‍ സമാപിച്ച സിപിഐ ദേശീയ കൗണ്‍സില്‍ യോഗം വിലയിരുത്തിയത്.

ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ട ശേഷം ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗമായിരുന്നു ഡല്‍ഹിയില്‍ സമാപിച്ചത്. ഓരോ സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമായതിനാല്‍ ബിജെപിക്കെതിരെ സംസ്ഥാന തലത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനമെന്ന് ഡി രാജ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നോട്ട് പോകാനും ഫണ്ട് പിരിവ് തുടങ്ങാനും കൗണ്‍സില്‍ തീരുമാനിച്ചു.

രാജ്യത്തിന്റെ വൈവിധ്യം നിലനിര്‍ത്തണമെന്ന് കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണിപ്പൂരില്‍ വിഭജനം സൃഷ്ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദേശീയ കൗണ്‍സില്‍ ആരോപിച്ചു. മണിപ്പൂരില്‍ അടിയന്തരമായ സമാധാനം പുഃനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഈ മാസം 25ന് മണിപ്പൂര്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ സിപിഐ തീരുമാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com