'ആഭ്യന്തര കാര്യം'; മണിപ്പൂർ വിഷയം യൂറോപ്യൻ പാർലമെന്റ് ചർച്ച ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ

'മണിപ്പൂർ വിഷയം എന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്,' വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
'ആഭ്യന്തര കാര്യം'; മണിപ്പൂർ വിഷയം യൂറോപ്യൻ പാർലമെന്റ് ചർച്ച ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: യൂറോപ്യൻ പാർലമെന്റ് യോഗത്തിൽ മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ. മണിപ്പൂർ വിഷയം ആഭ്യന്തര കാര്യം മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ജൂലൈ 10 മുതൽ 13 വരെ സ്ട്രാസ്‌ബർഗിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിലാണ് മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച അടിയന്തര ചർച്ചയ്‌ക്കായി പാർലമെന്ററി ഗ്രൂപ്പുകൾ പ്രമേയങ്ങൾ സമർപ്പിച്ചത്.

ബുധനാഴ്ച്ച വാർത്താ സമ്മേളനത്തിൽ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'മണിപ്പൂർ വിഷയം എന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്', എന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. 'പാർലമെന്റിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ബന്ധപ്പെട്ട യൂറോപ്യൻ യൂണിയൻ പാർലമെന്റംഗങ്ങളെ സമീപിച്ചിട്ടുണ്ട്. ഇത് പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അവരോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

നിലവിലെ പ്ലീനറി സമ്മേളനത്തിൽ തങ്ങളുടെ പ്രമേയങ്ങൾ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ലോബിയിംഗ് ഏജൻസിയായ ആൽബർ ആൻഡ് ഗീഗർ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾക്ക് കത്തെഴുതിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. പ്രമേയം പിൻവലിക്കാൻ ഏജൻസിയെ ഏൽപ്പിച്ചിരുന്നോ എന്ന ചോദ്യത്തോട് വിനയ് ക്വാത്ര പ്രതികരിച്ചില്ല.

ആറ് പാർലമെന്ററി ഗ്രൂപ്പുകൾ ചേർന്നാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷം, യൂറോപ്യൻ സോഷ്യലിസ്റ്റുകൾ, ഗ്രീൻസ് എന്നിവയിൽ നിന്ന് പ്രാദേശിക പാർട്ടികൾ, യാഥാസ്ഥിതികർ, മധ്യ-വലതുപക്ഷ രാഷ്ട്രീയ, ക്രിസ്ത്യൻ ഗ്രൂപ്പുകൾ എന്നിവർ പാർലമെന്റേറിയൻമാരുടെ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു. ലെഫ്റ്റ് ഗ്രൂപ്പ്, വെർട്സ്/എഎൽഇ ഗ്രൂപ്പ്, എസ് ആൻഡ് ഡി ഗ്രൂപ്പ്, റിന്യൂ ഗ്രൂപ്പ്, ഇസിആർ ഗ്രൂപ്പ്, പിപിഇ ഗ്രൂപ്പ് എന്നിവ ചർച്ചയ്ക്കായി സമാനമായ പ്രമേയങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനം നടത്താനിരിക്കേയാണ് ഈ നീക്കം. അദ്ദേഹം ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയാകുന്നുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com