തക്കാളി വിലയില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍; ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വില കുറയും

കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ വിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്ന് തക്കാളി കൊണ്ടുവരും
തക്കാളി വിലയില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍; ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വില കുറയും

ന്യൂഡല്‍ഹി: തക്കാളിയുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് വെള്ളിയാഴ്ച മുതല്‍ വിലയില്‍ കിഴിവ് നല്‍കാന്‍ കേന്ദ്രം. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് കേന്ദ്രം തീരുമാനം അറിയിച്ചത്.

കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ വിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്ന് തക്കാളി കൊണ്ടുവരും. ഇത്തരത്തില്‍ തക്കാളി സംഭരിക്കാന്‍ ഉപഭോക്തൃകാര്യ വകുപ്പ് ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും നിര്‍ദേശം നല്‍കി.

തക്കാളിക്ക് ശരാശരി വിലയില്‍ കൂടുതല്‍ വില ചുമത്തിയ വിതരണ കേന്ദ്രങ്ങളിലായിരിക്കും വിലക്കിഴിവ് നടപ്പിലാക്കുകയെന്ന് പ്രസ്താവനയില്‍ പറയുന്നു. ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കനുസരിച്ച് ദേശീയ തലത്തില്‍ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 108 രൂപയാണ്. ഡല്‍ഹിയില്‍-150, ലഖ്നൗവില്‍-143, ചെന്നൈയില്‍-123, ദിബ്രുഗഢില്‍ -115 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ നിരക്കുകള്‍.

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തക്കാളി വിളവെടുപ്പ് കാലം. ജൂലൈ-ഓഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തക്കാളി ഉല്‍പ്പാദനം സാധാരണയായി കുറവാണ്. ഈ വര്‍ഷം വിളവെടുപ്പില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലുടനീളം തക്കാളി ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, തെക്കന്‍ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ ഉല്‍പ്പാദനം നടക്കുന്നത്. ഇത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 56-58 ശതമാനം വരും. എന്നാല്‍ മണ്‍സൂണുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഉല്‍പ്പാദനത്തിലും വിതരണത്തിലും കുറവ് വന്നതിനാലാണ് വില കുത്തനെ ഉയര്‍ന്നത്.

ഡല്‍ഹി-എന്‍സിആര്‍ പ്രദേശങ്ങളിലേക്ക് ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് തക്കാളിയെത്തുന്നത്. ഹിമാചലിലെയും കര്‍ണാടകയിലെയും കനത്ത മഴയും ഉഷ്ണ തരംഗവും ഉള്‍പ്പെടെയുള്ള മോശം കാലാവസ്ഥ ഡല്‍ഹി മാര്‍ക്കറ്റുകളിലെ തക്കാളിയുടെ വിലയെ ബാധിച്ചു.

കേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച്, നാസിക്കില്‍ നിന്ന് കൂടുതല്‍ തക്കാളികള്‍ കയറ്റുമതി ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഓഗസ്റ്റില്‍ ഔറംഗാബാദ് ബെല്‍റ്റുകളില്‍ നിന്നും അധിക വിതരണം പ്രതീക്ഷിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്നും തക്കാളി വിതരണം നടത്താന്‍ കഴിഞ്ഞാല്‍ മാര്‍ക്കറ്റ് വിലയെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com