'മുരുകനെ മോചിപ്പിക്കണം'; നളിനിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും നോട്ടീസ്

ഏറ്റവും അടുത്ത ബന്ധുക്കളെ കാണാന്‍ മാത്രമേ നിലവില്‍ അനുമതിയുള്ളൂ
'മുരുകനെ മോചിപ്പിക്കണം'; നളിനിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും നോട്ടീസ്

ചെന്നൈ: വിദേശ പൗരന്മാര്‍ക്കുള്ള ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയുന്ന ഭര്‍ത്താവ് മുരുകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നളിനിക്കൊപ്പം ജയില്‍ മോചിതനായി തിരുച്ചിറപ്പള്ളി പ്രത്യേക ക്യാമ്പില്‍ കഴിയുന്ന മുരുകനെ മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍ ദേഷസായി കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും നോട്ടീസ് അയച്ചു.

ശ്രീലങ്കന്‍ പൗരത്വം കണക്കിലെടുത്താണ് മുരുകന് വിലക്കേര്‍പ്പെടുത്തിയത്. ഏറ്റവും അടുത്ത ബന്ധുക്കളെ കാണാന്‍ മാത്രമേ നിലവില്‍ അനുമതിയുള്ളൂ. മകളോടൊപ്പം യുകെയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിന് പാസ്പോര്‍ട്ട് ലഭിക്കാന്‍ ശ്രീലങ്കന്‍ എംബസിയുമായി ബന്ധപ്പെടേണ്ടതുണ്ട്, പ്രത്യേക ക്യാമ്പില്‍ തടങ്കലില്‍ കഴിയുമ്പോള്‍ അത് സാധ്യമല്ലെന്നും അതിനാല്‍ മുരുകനെ മോചിപ്പിക്കണമെന്നുമാണ് നളിനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

തമിഴ്നാട് സര്‍ക്കാരിന്റെ നിയമനുസരിച്ച്, ജയില്‍ മോചിതരായ നിരവധി വിദേശികള്‍ക്ക് ചില വ്യവസ്ഥകളോടെ സംസ്ഥാനത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവാദമുണ്ടെന്നും നളിനി ഹര്‍ജിയില്‍ പരാമര്‍ശിച്ചു. ചിലര്‍ക്കെങ്കിലും വിദേശ രാജ്യങ്ങളിലേക്ക് പോകാനും അനുമതി ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസില്‍ മുപ്പത് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2022 നവംബര്‍ 11 നാണ് നളിനിയേയും ഭര്‍ത്താവ് മുരുകനേയും മോചിപ്പിച്ചത്.

ഭര്‍ത്താവിനെ ചെന്നൈയില്‍ തന്നോടൊപ്പം താമസിക്കാന്‍ അനുവദിക്കുന്നതിനായി കഴിഞ്ഞ മേയ് 20-ന് ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കും ഇമിഗ്രേഷന്‍ അധികൃതര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെയായി ഒരു പ്രതികരണവുമില്ലെന്നും നളിനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com