ജോഷിമഠിൽ വീണ്ടും മണ്ണിടിച്ചിൽ; ജനങ്ങളെ പരിഭ്രാന്തിയിലാക്കി ആറടി താഴ്ചയുള്ള കുഴി

മഴയെ തുടർന്നാണ് കുഴി ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ജോഷിമഠിൽ വീണ്ടും മണ്ണിടിച്ചിൽ; ജനങ്ങളെ പരിഭ്രാന്തിയിലാക്കി ആറടി താഴ്ചയുള്ള കുഴി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ മണ്ണിടിച്ചിൽ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ സുനിൽ വാർഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു. ഒരു വയലിൽ ആറടി താഴ്ചയുള്ള കുഴിയും പ്രത്യക്ഷപ്പെട്ടു. മഴയെ തുടർന്നാണ് കുഴി ഉണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

'മൺസൂൺ സമയത്ത് ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിനകം വീടുകളിലെ വിള്ളലുകൾ വലുതാവുകയാണ്,' പ്രദേശവാസിയായ വിനോദ് സക്ലാനി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരിയിൽ സുനിൽ വാർഡിലെ അമ്പതോളം വീടുകൾ ഉൾപ്പെടെ ജോഷിമഠത്തിലെ 650-ലധികം വീടുകളിൽ വിള്ളലുകൾ ഉണ്ടായി. 4000-ത്തിലധികം ആളുകൾ ഭവനരഹിതരായി. തകർന്ന വീടുകൾ വിട്ടുനൽകാൻ സമ്മതിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയെങ്കിലും അറുപതോളം കുടുംബങ്ങൾ ഇപ്പോഴും പ്രാദേശിക ഭരണകൂടം നൽകിയ ഷെൽട്ടർ ഹോമുകളിൽ താമസിക്കുകയാണ്.

ഫെബ്രുവരിയിൽ ജോഷിമഠിലെ നരസിങ് ക്ഷേത്രത്തെയും ബദരീനാഥിനെയും ബന്ധിപ്പിക്കുന്ന റോഡിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്രാ സീസണിൽ ജോഷിമഠിൽ നിന്ന് ബദരീനാഥിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com