'ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു'; നടപ്പാക്കാനുളള ബിജെപിയുടെ രീതിയെ അം​ഗീകരിക്കില്ലെന്ന് ബിഎസ്പി

'ഏക സിവിൽ കോഡ് രാജ്യത്തെ ശക്തിപ്പെടുത്തുകയും പൗരന്മാരെ ഒന്നിപ്പിക്കുകയും ചെയ്യും'
'ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു'; നടപ്പാക്കാനുളള
ബിജെപിയുടെ രീതിയെ അം​ഗീകരിക്കില്ലെന്ന് ബിഎസ്പി

ലഖ്നൗ: ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. എന്നാൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ രീതിയോട് യോജിപ്പില്ല. നിർബന്ധപൂർവം ഏക സി‌വിൽ കോ‍ഡ് നടപ്പാക്കാൻ ശ്രമിക്കുന്നതും ഇതിനെ രാഷ്ട്രീയവൽകരിക്കുന്നതും ശരിയല്ലെന്നും മായാവതി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഏക സിവിൽ കോഡ് രാജ്യത്തെ ശക്തിപ്പെടുത്തുകയും പൗരന്മാരെ ഒന്നിപ്പിക്കുകയും ചെയ്യും. ഇത് ജനങ്ങൾക്കുളളിൽ സാഹോദര്യ സ്നേഹം വികസിപ്പിക്കും. എന്നാൽ നിർബന്ധപൂർവം ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. രാജ്യത്തെ പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോ​ഗ്യം എന്നിവയിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തേണ്ടതെന്നും മായാവതി പറഞ്ഞു.

നേരത്തെ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് കൊണ്ട് എഎപി രം​ഗത്തെത്തിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 44ൽ ഏകീക‍ൃത സിവിൽ‌ കോഡിനെക്കുറിച്ച് പറയുന്നുണ്ടെന്നും വിഷയത്തിൽ രാഷ്ട്രീയ-മത നേതൃത്വങ്ങളുമായി കൂടിയാലോചിച്ച് സമവായം ഉണ്ടാക്കണമെന്നും എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞിരുന്നു.

ബിജെപി കരടു ബില്ലുമായി വരുന്നത് വരെ കാത്തിരിക്കണമെന്നാണ് കോൺ​ഗ്രസിന്റെ പാർലമെന്ററി സ്ട്രാറ്റജി ​ഗ്രൂപ്പിന്റെ യോ​ഗത്തിൽ തീരുമാനമായത്. പരിഷ്കാരങ്ങളെ എതിർക്കേണ്ടതില്ല. എന്നാൽ ഏക സിവിൽ കോഡ് രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കാൻ ശ്രമിക്കുമെന്നും യോ​ഗത്തിൽ അഭിപ്രായമുയർന്നിരുന്നു.

അതേസമയം രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കേണ്ട ആവശ്യമില്ലെന്നാണ് കേരളത്തിലെ കോൺ​ഗ്രസ് അഭിപ്രായപ്പെട്ടത്. സർക്കാർ‌ നിയോ​ഗിച്ച നിയമകമ്മീഷൻ തന്നെ രാജ്യത്ത് ഏക സിവിൽ കോഡിന്റെ ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോൺ​ഗ്രസിനുളളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇവിടെ ഏക സിവിൽ കോഡിന്റെ ആവശ്യമില്ല. പൊതുജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ഏക സിവിൽ കോഡുമായി വീണ്ടും രം​ഗത്തെത്തിയിരിക്കുന്നതെന്നും വി ഡി സതീശൻ വിമർശിച്ചിരുന്നു. രാജ്യത്ത് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാവില്ലെന്നും ഏകീകൃത സിവിൽ കോഡ് ഭരണഘടനയിൽ പറയുന്നതാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചതിന് പിന്നാലെയാണ് രാജ്യവ്യാപക ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com