പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 'കറുത്ത വസ്ത്രം പാടില്ല', വിവാദ നിര്‍ദേശവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനായി ജൂണ്‍ 30 നാണ് പ്രധാനമന്ത്രി യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 'കറുത്ത വസ്ത്രം പാടില്ല', വിവാദ നിര്‍ദേശവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാമ്പസ് സന്ദര്‍ശന ദിവസം വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കി ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോളേജുകള്‍. അവധികള്‍ റദ്ദാക്കിയതിനൊപ്പം കറുത്ത വസ്ത്രങ്ങള്‍ ധരിക്കരുതെന്നും മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനായി ജൂണ്‍ 30 നാണ് പ്രധാനമന്ത്രി യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്.

സന്ദര്‍ശന വേളയില്‍ മൂന്ന് പുതിയ കെട്ടിടങ്ങള്‍ക്ക് മോദി തറക്കല്ലിടും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും പങ്കെടുക്കും. സ്റ്റാഫ് റൂമുകള്‍, ലൈബ്രറികള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനുകളിലൂടെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എല്ലാ കോളേജുകളിലും പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും.

പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളേജുകള്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കി. ഹാജരായ വിദ്യാര്‍ഥികളുടെ ഒപ്പുകള്‍ സര്‍വ്വകലാശാലയിലേക്ക് അയയ്ക്കുമെന്ന് സക്കീര്‍ ഹുസൈന്‍ കോളേജ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ഹിന്ദു കോളേജില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ഹാജര്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് പ്രൊഫസേഴ്‌സ് വാട്ട്സ്ആപ്പ് സന്ദേശം അയച്ചു. ജീവനക്കാരും വിദ്യാര്‍ഥികളും കറുത്ത വസ്ത്രം ഒഴിവാക്കണമെന്നും ഈ സന്ദേശത്തില്‍ പറയുന്നു. ബിആര്‍ അംബേദ്കര്‍ കോളേജും പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 21 ന് നടന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടികളില്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ഇത്തരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിനെതിരെ മുന്‍പും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com