കേരളത്തില്‍ ഉടന്‍ വിപണി സജീവമാക്കില്ലെന്ന് നന്ദിനി; കോണ്‍ഗ്രസ് തുണച്ചെന്ന് മന്ത്രി

കേരളത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ 'നന്ദിനി' പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാനായിരുന്നു കര്‍ണാടകയുടെ തീരുമാനം.
കേരളത്തില്‍ ഉടന്‍ വിപണി സജീവമാക്കില്ലെന്ന് നന്ദിനി; കോണ്‍ഗ്രസ് തുണച്ചെന്ന് മന്ത്രി

ബെംഗളൂരു: കേരളത്തില്‍ ഉടന്‍ വിപണി സജീവമാക്കില്ലെന്ന തീരുമാനത്തില്‍ നന്ദിനി. ഇത് സംബന്ധിച്ച് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ സിഇഒയുടെ അറിയിപ്പ് ലഭിച്ചതായി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. കര്‍ണാടകയില്‍ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് കെഎംഎഫിന്റെ പുതിയ ചെയര്‍മാന്‍ ബീമാ നായ്ക് അധികാരമേറ്റത്.

കേരളത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ 'നന്ദിനി' പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാനായിരുന്നു കര്‍ണാടകയുടെ തീരുമാനം. എന്നാല്‍ ക്ഷീര കര്‍ഷകരുടെ ഭാഗത്ത് നിന്നടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നന്ദിനി കേരളത്തില്‍ വിപണി തുടങ്ങുന്നത് മില്‍മയെ തകര്‍ക്കുമെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ മില്‍മയോട് മത്സരിക്കാനല്ല കേരളത്തില്‍ പാല്‍ വില്‍ക്കുന്നതെന്നായിരുന്നു കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്. മില്‍മ ഉദ്പാദിപ്പിക്കുന്നതിലും കൂടുതല്‍ പാല്‍ കേരളത്തില്‍ ആവശ്യമുണ്ട്. നിലവില്‍ സ്വകാര്യ ഉദ്പാദകരാണ് ഈ കുറവ് നികത്തുന്നത്. ഈ വിപണിയില്‍ സഹകരണ മേഖലയ്ക്ക് ഇടമുണ്ടാക്കാനാണ് നന്ദിനി കേരളത്തില്‍ പാല്‍ വിപണനം ചെയ്യാന്‍ തീരുമാനിച്ചതെന്നും കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധം ശക്തമാവുന്നതിനിടെ നന്ദിനിയുടെ പിന്മാറ്റം കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാണ്.നന്ദിനി ഇതിനകം കേരളത്തില്‍ ആറ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയിട്ടുണ്ട്. കാക്കനാട്, എളമക്കര, മഞ്ചേരി, തിരൂര്‍, പന്തളം, തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയത്. കോഴിക്കോട്,. തലശ്ശേരി, ഗുരുവായൂര്‍, എന്നിവിടങ്ങളില്‍ ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനിരിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com