'രാജ്യത്തെ ജനങ്ങള്‍ക്ക് തലച്ചോറില്ലായെന്ന് കരുതിയോ?'; ആദിപുരുഷ് നിര്‍മ്മാതാക്കളെ വിമര്‍ശിച്ച് കോടതി

'തിയറ്റര്‍ അടിച്ചു തകര്‍ക്കാത്തതിന് യഥാര്‍ത്ഥത്തില്‍ ജനങ്ങളോട് നന്ദി പറയണം.'
'രാജ്യത്തെ ജനങ്ങള്‍ക്ക് തലച്ചോറില്ലായെന്ന് കരുതിയോ?'; ആദിപുരുഷ് നിര്‍മ്മാതാക്കളെ വിമര്‍ശിച്ച് കോടതി


ലക്നൗ: ആദിപുരുഷ് സിനിമയുടെ നിര്‍മ്മാതാക്കളെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. 'സിനിമ കാണുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് തലച്ചോറില്ലായെന്ന് കരുതിയോ?' എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സിനിമയുടെ സഹ എഴുത്തുകാരന്‍ മനോജ് മുന്‍ഷാതീര്‍ ശുക്ലയെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നോട്ടീസ് നല്‍കി. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.

'രാജ്യത്തെ ജനങ്ങള്‍ തലച്ചോറില്ലാത്താവരാണെന്ന് കരുതിയോ? രാമനേയും ലക്ഷ്മണനേയും ഹനുമാനേയും സീതയേയും സിനിമയില്‍ കാണിക്കുകയും, അത് യഥാര്‍ത്ഥ ചരിത്രമല്ലെന്ന് നിങ്ങള്‍ തന്നെ പറയുകയും ചെയ്യുന്നു. സിനിമ കാണാന്‍ പോയവരെല്ലാം തീയറ്റര്‍ അടച്ചിടാന്‍ ആവശ്യപ്പെടുന്നുവെന്നാണ് അറിയുന്നത്. തിയറ്റര്‍ അടിച്ചു തകര്‍ക്കാത്തതിന് യഥാര്‍ത്ഥത്തില്‍ ജനങ്ങളോട് നന്ദി പറയണം.' എന്ന് കോടതി നിരീക്ഷിച്ചു. ചിത്രം ആരംഭിക്കും മുമ്പ് 'അറിയിപ്പ്' പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന എതിര്‍വാദത്തോടായിരുന്നു കോടതി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്. സിനിമയിലെ സംഭാഷണങ്ങളാണ് പ്രധാനപ്പെട്ട പ്രശ്‌നമെന്നും തുളസിദാസിന്റെ ശ്രീരാമചരിത മാനസം വായിച്ചവരാണ് ഇന്ത്യക്കാരെന്നും കോടതി പരാമര്‍ശിച്ചു.

സെന്‍സര്‍ ബോര്‍ഡ് അവരുടെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുന്നില്ലേയെന്നും കോടതി ചോദിച്ചു. ' സിനിമ കണ്ട പ്രേക്ഷകര്‍ രാജ്യത്തെ ക്രമസമാധാനം തകര്‍ത്തില്ലായെന്നത് അഭിനന്ദനാര്‍ഹമാണ്. പല സീനുകളും അഡള്‍ട്ട് ഓണ്‍ലിയാണ് .ഇങ്ങനെയുള്ള സിനിമകള്‍ കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. പ്രശ്‌നം ഗുരുതരമാണെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് എന്താണ് ചെയ്തതെന്നും ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com