കെ സി തുടരുമോ, പ്രിയങ്ക ഏത് റോളില്‍ ;ഖാര്‍ഗെ-രാഹുല്‍ കൂടിക്കാഴ്ച്ച

സിഡബ്ല്യുസിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും അധ്യക്ഷന്റെ നിര്‍ദേശം അനുസരിച്ച് അംഗങ്ങളെ പുനഃസംഘടിപ്പിക്കാമെന്നും ഈ വര്‍ഷം ആദ്യം റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറിയില്‍ തീരുമാനമായിരുന്നു.
കെ സി തുടരുമോ, പ്രിയങ്ക ഏത് റോളില്‍ ;ഖാര്‍ഗെ-രാഹുല്‍ കൂടിക്കാഴ്ച്ച

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ അഴിച്ചുപണിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വര്‍ക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കുമ്പോള്‍ പുതിയ ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം സംസ്ഥാനങ്ങളിലും കാര്യമായ നേതൃമാറ്റങ്ങളുണ്ടാവും. കെ സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരുന്നതിലും പ്രിയങ്ക ഗാന്ധിയുടെ പുതിയ ചുമതലകള്‍ സംബന്ധിച്ചും പ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കാം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച്ച അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും.

സിഡബ്ല്യുസിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും പാര്‍ട്ടി അധ്യക്ഷന്റെ നിര്‍ദേശം അനുസരിച്ച് അംഗങ്ങളെ പുനഃസംഘടിപ്പിക്കാമെന്നും ഈ വര്‍ഷം ആദ്യം റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറിയില്‍ തീരുമാനമായിരുന്നു. ഈ സാഹചര്യത്തില്‍ കെസി വേണുഗോപാല്‍ തുടരുമോ, അതോ ഖാര്‍ഗെ സ്വന്തം നിലയില്‍ പുതിയൊരാളെ ചുമതല ഏല്‍പ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്ന കാര്യം.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് കെ സി. ഈ സാഹചര്യത്തില്‍ ഖാര്‍ഗെ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. എന്നാല്‍ പാര്‍ട്ടിയുടെ പ്രധാന ചുമതലകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളാണെന്ന എതിര്‍ വാദം ഉയരുന്നുണ്ട്. അധ്യക്ഷനായ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നും വേണുഗോപാല്‍ കേരളത്തില്‍ നിന്നുമുള്ള നേതാക്കളാണ്.

വര്‍ക്കിംഗ് കമ്മിറ്റിയില്‍ 50 ശതമാനം അംഗങ്ങളും ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും 50 വയസ്സിന് താഴെയുള്ളവരും ആകണമെന്ന തീരുമാനത്തിന് അനുസൃതമായി സിഡബ്ല്യുസിയില്‍ നിരവധി പുതുമുഖങ്ങളെയും പ്രതീക്ഷിക്കാം. ഉത്തര്‍പ്രദേശിലെ ജനറല്‍ സെക്രട്ടറി ചുമതലയൊഴിഞ്ഞ പ്രിയങ്കാ ഗാന്ധിക്ക് പ്രധാനപ്പെട്ട ചുമതലകള്‍ നല്‍കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് പ്രിയങ്ക ഇതിനകം അറിയിച്ചത്.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രിയങ്കയുടെ പ്രവര്‍ത്തന മേഖല ഉയര്‍ത്തുന്ന തരത്തിലാണോ ചുമതല നല്‍കുകയെന്ന് വ്യാഴാഴ്ച്ചത്തെ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായേക്കാം. താര പ്രചാരകയെന്ന നിലയില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഫലപ്രദമാവുന്ന തരത്തില്‍ പ്രിയങ്കയെ ഉപയോഗിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിന് പുറമേ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ 25 ശതമാനം പട്ടികജാതി ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും 25 ശതമാനം ഒബിസികള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും 50 ശതമാനം ജനറല്‍ കാറ്ററിയില്‍ നിന്നുള്ളവര്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com