'സെഞ്ച്വറി'യടിച്ച് തക്കാളി വില; ഇനിയും കൂടാൻ സാധ്യത

ബെംഗളുരുവിലും കാൺപൂരിലും 100 രൂപയും കേരളത്തിലടക്കം പലയിടങ്ങളിലും വില 120 രൂപയുമാണ്.
'സെഞ്ച്വറി'യടിച്ച് തക്കാളി വില; ഇനിയും കൂടാൻ സാധ്യത

ഡൽഹി : രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. വില കിലോയ്ക്ക് 100 രൂപയും കടന്ന് 120 രൂപയിലെത്തി നിൽക്കുകയാണ്. ഇതോടെ അടുക്കളയിലെ തക്കാളിയുടെ ഉപയോഗവും ഒരൽപ്പം കുറഞ്ഞിട്ടുണ്ട്. ദില്ലിയിൽ കിലോയ്ക്ക് 80 രൂപയാണ്. ബെംഗളുരുവിലും കാൺപൂരിലും 100 രൂപയും കേരളത്തിലടക്കം പലയിടങ്ങളിലും വില 120 രൂപയുമാണ്.

മെയ് മാസം ആദ്യം ബെംഗളുരുവിൽ തക്കാളിയ്ക്ക് വെറും 15 രൂപയായിരുന്നു വില. കഴിഞ്ഞയാഴ്ചയോടെ വില 40 മുതൽ 50 രൂപയായി ഉയർന്നു. ദിവസങ്ങൾ കൊണ്ടാണ് വില കുതിച്ചുയർന്നത്. തക്കാളിക്ക് മാത്രമല്ല, പച്ചക്കറികൾക്കെല്ലാം തീ വിലയാണ്. കടുത്ത ചൂടും കാലവർഷം വൈകിയെത്തിയതും തക്കാളിയുടെ ലഭ്യതയെ കാര്യമായി ബാധിച്ചു.

തക്കാളി ഉത്പാദനം കുറഞ്ഞതോടെയാണ് വില കൂടിയത്. ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ദില്ലിയിൽ വിലക്കയറ്റമുണ്ടായതെന്നാണ് എകണോമിക് ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. വില കൂടിയതാടോ ആളുകൾ വാങ്ങുന്ന പച്ചക്കറിയുടെ ആളവ് കുറച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. എൽനിനോ പ്രതിഭാസം രാജ്യത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചേക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. തക്കാളിയുടേതടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പത്തിലും പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com