'മതവികാരം വ്രണപ്പെടുത്തി'; 'ആദിപുരുഷ്' പ്രദർശനം അവസാനിപ്പിക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതികളിൽ ഹർജി

ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും മോശം ഭാഷ സംസാരിക്കുന്നുവെന്നുമാണ് പരാതി.
'മതവികാരം വ്രണപ്പെടുത്തി'; 'ആദിപുരുഷ്' പ്രദർശനം അവസാനിപ്പിക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതികളിൽ ഹർജി

ചണ്ഡീഗഢ്: 'ആദിപുരുഷി'ൻ്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതികളിൽ ഹർജി. മതവികാരം വ്രണപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. എൽ എം ഗുലാത്തി, ജസ്‌നീത് മെഹ്‌റ, ദിവ്യാ ഗുലാത്തി എന്നിവരടങ്ങിയ ബഞ്ച് ജൂലൈ നാലിന് വാദം കേൾക്കും.

ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും മോശം ഭാഷ സംസാരിക്കുന്നുവെന്നുമാണ് പരാതി. ഇതിഹാസങ്ങളെ ആസ്പദമാക്കി നിരവധി സിനിമകളും സീരിയലുകളും നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും അവയൊന്നും മോശമായ ഭാഷയിൽ അവതരിപ്പിക്കപ്പെട്ടവയല്ലെന്നും പരാതിക്കാരൻ വാദിച്ചു. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത ജനപ്രിയ പരമ്പര 'രാമായണ'ത്തിലെ അഭിനേതാക്കളെല്ലാം ഇന്നും ബഹുമാനിക്കപ്പെടുന്നു. 'ആദിപുരുഷ്' കണ്ട് ഞെട്ടിപ്പോയെന്നും പരാതിയിൽ പറയുന്നു.

'ലോകത്താകമാനം മുന്നൂറോളം രാമായണങ്ങൾ ഉണ്ട്. തായ്‌ലൻഡ്, നേപ്പാൾ തുടങ്ങി പല രാജ്യങ്ങളിലും ആളുകൾ ദൈവങ്ങളെ ആരാധിക്കുകയും രാമായണത്തെ ഒരു വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ 'രാമായണ'ത്തിന്റെ രണ്ട് പതിപ്പുകൾ ഉണ്ട്, ഒന്ന് തുളസി ദാസ് എഴുതിയതും മറ്റൊന്ന് വാല്മീകി എഴുതിയതും. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ആദിപുരുഷ് സിനിമയുടെ സംവിധായകനെയും നിർമ്മാതാക്കളെയും വെറുതെവിടാനാകില്ല,' ഹർജിക്കാരൻ പറഞ്ഞു.

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത 'ആദിപുരുഷ്' ജൂൺ 16നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ടീസർ ഇറങ്ങിയതു മുതൽ കേൾക്കുന്ന പരിഹാസവും വിമർശനങ്ങളും ചിത്രം റിലീസായി രണ്ടാഴ്ചയാവാനിരിക്കേയും തുടരുകയാണ്. പല പ്രമുഖരും ചിത്രത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com