ഡല്‍ഹിയില്‍ യുവതി ഷോക്കേറ്റ് മരിച്ചത് പോലെ 17കാരനും മരിച്ചു; കണ്ടെത്തിയത് അന്വേഷണത്തില്‍

ഡല്‍ഹിയില്‍ യുവതി ഷോക്കേറ്റ് മരിച്ചത് പോലെ 17കാരനും മരിച്ചു; കണ്ടെത്തിയത് അന്വേഷണത്തില്‍

34കാരിയായ സാക്ഷി അഹൂജ മരിച്ച സ്ഥലത്ത് നിന്ന് 16 കിലോമീറ്റർ അകലെയാണ് സമാന സംഭവം ഉണ്ടായത്

ഡൽഹി: കഴിഞ്ഞ ദിവസം ഡൽ‍ഹി റെയിൽവെ സ്റ്റേഷനിൽ യുവതി ഷോക്കേറ്റ് മരിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ന​ഗരത്തിൻ്റെ മറ്റൊരു ഭാ​ഗത്ത് 17കാരനും സമാനരീതിയിൽ മരിച്ചിരുന്നതായി കണ്ടെത്തി. 34കാരിയായ സാക്ഷി അഹൂജ മരിച്ച സ്ഥലത്ത് നിന്ന് 16 കിലോമീറ്റർ അകലെയാണ് സമാന സംഭവം ഉണ്ടായത്. വെള്ളം നിറഞ്ഞ തെരുവിലൂടെ നടക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ബം​ഗളുരു സ്വദേശിയായ സൊഹൈൽ മരിച്ചത്. സാക്ഷി അഹൂജയുടെ മരണത്തിൽ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് റെയിൽവെ ബോർഡ് ചെയർമാനും ഡൽഹി സർക്കാരിനും സിറ്റി പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചിരുന്നു. ഇതേ തുടർന്നുണ്ടായ അന്വേഷണത്തിലാണ് സൊഹൈലിൻ്റെ മരണം വെളിച്ചത്ത് വന്നത്.

ഒന്നര മാസം മുൻപ് ഡൽഹി ന്യൂ ഫ്രണ്ട്സ് കോളനിയിലുള്ള അമ്മാവൻ്റെ വീട്ടിൽ അവധിക്ക് വന്നതായിരുന്നു സൊഹൈൽ. സീമാപുരിയിലുള്ള മറ്റൊരു ബന്ധുവിൻ്റെ വീട്ടിൽ പോയി വരുന്ന വഴി തൈമൂർ ന​ഗറിലെത്തിയ സൊഹൈൽ വെള്ളക്കെട്ട് മറികടന്നു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വെള്ളത്തിലേക്ക് വീണ സൊഹൈലിനെ കണ്ട നാട്ടുകാർ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സൊഹൈലിൻ്റെ മരണത്തിന് ശേഷം രാവിലെ അഞ്ചരയോടെയാണ് റെയിൽവെ സ്റ്റേഷന് സമീപം സാക്ഷി അഹൂജ എന്ന അധ്യാപികയും ഷോക്കേറ്റ് മരണപ്പെട്ടത്. കനത്ത മഴയിൽ റെയിൽ‌വെ സ്റ്റേഷനിൽ നിന്ന് പുറത്തക്കുള്ള ഒന്നാം നമ്പർ വാതിലിനരികെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിൽ നിന്ന് മാറി നടക്കുന്നതിനായി യുവതി വൈദ്യുത പോസ്റ്റിൽ പിടിച്ചതും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. യുവതിയെ ഉടൻ അടുത്തുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ അഞ്ച് മണിയോടെയാണ് മറ്റ് രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം യുവതി സ്റ്റേഷനിലെത്തിയത്. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച്, കൂടെയുണ്ടായിരുന്ന സഹോദരി പരാതി നൽകിയിരുന്നു. അപകടം നടന്ന പോസ്റ്റിന് താഴെ വൈദ്യുത വയറുകൾ മുറിഞ്ഞ നിലയിൽ കണ്ടെത്തിട്ടിയുണ്ട്. ഇവയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

logo
Reporter Live
www.reporterlive.com