'ആപ്പിന്റെ ഭിന്നത തിരിച്ചടിയല്ല'; പ്രതിപക്ഷം ഒറ്റകെട്ടായി നില്‍ക്കുമെന്ന് സിപിഐ

'ആപ്പിന്റെ ഭിന്നത തിരിച്ചടിയല്ല'; പ്രതിപക്ഷം ഒറ്റകെട്ടായി നില്‍ക്കുമെന്ന് സിപിഐ

ന്യൂഡല്‍ഹി: പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയ ഭിന്നത തിരിച്ചടിയല്ലെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. സ്വതന്ത്ര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചില വിഷയങ്ങളില്‍ ഭിന്ന അഭിപ്രായങ്ങളുണ്ടാവാം. അതിനെ മറികടക്കാനാവുമെന്നും ഡി രാജ അഭിപ്രായപ്പെട്ടു.

'അതൊരു തിരിച്ചടിയാണെന്ന് ഞാന്‍ കരുതുന്നില്ല. മറ്റൊരു തരത്തില്‍, എല്ലാ സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവാം എന്ന് പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുന്ന നടപടി ആയിരുന്നു ആപ്പിന്റേത്. ആ തരത്തില്‍ അതൊരു നേട്ടമാണ്. ഇതിനെയെല്ലാം മറികടന്ന് ഒറ്റകെട്ടായി അണിനിരക്കും. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുകയും വെല്ലുവിളി നേരിടുകയും ചെയ്യുന്ന കാലഘട്ടമാണിത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്', ഡി രാജ വ്യക്തമാക്കി. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രതികരണം.

പ്രതിപക്ഷത്തെ ആര് നയിക്കുമെന്നത് ഇപ്പോള്‍ ഒരു പ്രശ്‌നമായി മുന്നിലില്ലെന്നും ഡി രാജ പറഞ്ഞു. സഖ്യത്തിന്മേലുള്ള ഭയം കൊണ്ടാണ് ബിജെപി ബാലിശമായ വാദങ്ങള്‍ ഉന്നയിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്നും രാജ കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തില്‍ ആപ്പ് ഉണ്ടാവുമോയെന്ന ചോദ്യത്തിന്, ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത ആത്മാര്‍ത്ഥമാണെങ്കില്‍, പ്രതിപക്ഷം ഒരു പൊതു ധാരണയിലെത്തും എന്നായിരുന്നു മുതിര്‍ന്ന സിപിഐ നേതാവിന്റെ മറുപടി.

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നാണ് ആപ്പിന്റെ ആവശ്യം. പട്‌ന യോഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ആപ്പ് കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്. കേന്ദ്ര നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നില്ലെങ്കില്‍ അടുത്ത പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും കെജ്രിവാള്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com