രാജ്യത്തെ അമ്പത് മഹാന്മാരില്‍ വിഡി സവര്‍ക്കറും; യു പി സ്‌കൂള്‍ സിലബസ് വിവാദത്തില്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം, രാജ്യത്തിന്റെ സംസ്‌കാരം കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.
രാജ്യത്തെ അമ്പത് മഹാന്മാരില്‍ വിഡി സവര്‍ക്കറും; യു പി സ്‌കൂള്‍ സിലബസ് വിവാദത്തില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സെക്കണ്ടറി സ്‌കൂള്‍ സിലബസില്‍ ഇടംപിടിച്ച് വി ഡി സവര്‍ക്കറും ദീന്‍ ദയാല്‍ ഉപാധ്യായയും. രാജ്യത്തെ അമ്പത് മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് ഹിന്ദുത്വ സൈദ്ധാന്തികരായ വി ഡി സവര്‍ക്കറുടേയും ദീന്‍ ദയാല്‍ ഉപാധ്യയുടേയും ജീവചരിത്രം ഉള്‍പ്പെടുത്തിയത്. ഒമ്പത്, പത്ത്, പ്ലസ് വണ്‍, പ്ലസ്ടു പാഠപുസ്തകത്തിലാണ് പരിഷ്‌കാരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം, രാജ്യത്തിന്റെ സംസ്‌കാരം കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

അതേസമയം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ഹാല്‍ നെഹ്‌റു എന്നിവര്‍ പട്ടികയ്ക്ക് പുറത്താണ്. 12 ാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും എന്‍സിഇആര്‍ടി മുഗള്‍ ചരിത്രം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ നടപടി.

സ്വാമി വിവേകാനന്ദ, ആര്യ സമാജം സ്ഥാപകന്‍ സ്വാമി ദയാനന്ദ സരസ്വതി, സ്വാതന്ത്ര്യ സമര സേനാനി പണ്ഡിറ്റ് ശ്രീരാം ശര്‍മ എന്നിവരുടെ ജീവചരിത്രവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്ന ജൂലൈ മുതലായിരിക്കും പുതിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. സവര്‍ക്കറുടെ ജീവചരിത്രം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധിത പാഠ്യവിഷയമാണെന്നും എന്നാല്‍ ഇതിന്റെ മാക്ക് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തില്ലെന്നും യുപി ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

രാമകൃഷ്ണ പരമഹംസ, ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി, രാജ്ഗുരു, രബീന്ദ്രനാഥ ടാഗോര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, റാണി ലക്ഷ്മി ഭായ്, മഹാറാണ പ്രതാപ്, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ആദി ശങ്കരാചാര്യ, ഗുരു നാനാക് ദേവ്, എപിജെ അബ്ദുള്‍ കലാം, രാമാനുചാര്യ, പാണിനി, ആര്യഭട്ട, സി വി രാമന്‍ എന്നിവരുടെ ജിവ ചരിത്രമാണ് 12ാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചന്ദ്രശേഖര്‍ ആസാദ്, ബിര്‍സ മുണ്ട, ബീഗം ഹസ്രത്ത് മഹല്‍, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ഗൗതം ബുദ്ധ, ജ്യോതിഭാ ഫൂലേ, ഛത്പതി ശിവാജി, വി ഡി സവര്‍ക്കര്‍, വിനോബാ ഭാവേ, ശ്രീനിവാസ രാമാനുജന്‍, ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ ജീവ ചരിത്രമാണ് 9ാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

മംഗള്‍ പാണ്ഡെ, റോഷന്‍ സിംഗ്, സുഖ്‌ദേവ്, ലോക്മാന്യ തിലക്, ഗോപാല്‍ കൃഷ്ണ ഗോഖലെ, മഹാത്മാ ഗാന്ധി, ഖുഡി രാം ബോസ്, സ്വാമി വിവേകാനന്ദ എന്നിവരുടെ ചരിത്രം പത്താം ക്ലാസിലെ പാഠപുസ്തകത്തിലും രാമ പ്രസാദ് ബിസ്മില്‍, ഭഗത് സിംഗ്, ബിആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ദീന്‍ ദയാല്‍ ഉപാധ്യായ, മഹാവീര്‍ ജെയിന്‍, മദന്‍ മോഹന്‍ മാളവ്യ, അരവിന്ദ് ഘോഷ്, രാജാറാം മോഹന്‍ റോയ്, സരോജിനി നായിഡു, നാനാ സാഹേബ്, മഹാഋഷി പതഞ്ജലി, ഹോമി ജെ ബാബ എന്നിവരുടെ ജീവചരിത്രം പ്ലസ്ടു പുസ്തകത്തിലും ഇടംപിടിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com