ഈജിപ്തിൻ്റെ പരമോന്നത ബഹുമതി 'ഓർഡർ ഓഫ് നൈൽ' ഏറ്റുവാങ്ങി നരേന്ദ്ര മോദി

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ മോദിക്ക് നൽകുന്ന പതിമൂന്നാമത് പരമോന്നത ബഹുമതിയാണ് ഇത്.
ഈജിപ്തിൻ്റെ പരമോന്നത ബഹുമതി 'ഓർഡർ ഓഫ് നൈൽ' ഏറ്റുവാങ്ങി നരേന്ദ്ര മോദി

ന്യൂഡൽഹി: ഈജിപ്തിൻ്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് നൈൽ ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫതാഹ് എൽസിസിയിൽ നിന്ന് ഏറ്റുവാങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഈജിപ്ത് സന്ദർശന വേളയിലായിരുന്നു ബഹുമതി ലഭിച്ചത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ മോദിക്ക് നൽകുന്ന പതിമൂന്നാമത് പരമോന്നത ബഹുമതിയാണ് ഇത്.

പ്രസിഡൻ്റിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഈജിപ്തിലെത്തിയത്. 26 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ത് രാഷ്ട്രത്തലവനുമായി ചർച്ചകൾ നടത്തിയ മോദി ഇന്ന് രാവിലെ ഈജിപ്തിലെ പതിനൊന്നാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ അൽ-ഹക്കീം പള്ളിയും കെയ്റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധസെമിത്തേരിയും സന്ദർശിച്ചു.

കെയ്റോയിലെ ആയിരം കൊല്ലം പഴക്കമുള്ള ഇമാം അൽ-ഹക്കീം ബി അമർ അല്ലാഹ് പള്ളിയിൽ സന്ദർശനം നടത്തിയ മോദി ചുമരുകളിലും കവാടങ്ങളിലും ആലേഖനം ചെയ്ത കൊത്തുപണികൾ ആസ്വദിച്ചു. ഇന്ത്യയിലെ ദാവൂദി ബൊഹ്റ സമുദായത്തിൻ്റെ സഹായത്തോടെയാണ് ഈ ആരാധനാലയം പുനർനിർമിച്ചത്.

ഒന്നാം ലോകമഹായുദ്ധത്തിൽ വീരചരമമടഞ്ഞ ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് യുദ്ധസെമിത്തേരിയിൽ പ്രധാനമന്ത്രി ആദരമർപ്പിച്ചു. 4000ത്തോളം ഇന്ത്യൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. ഈജിപ്തിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിട്ടുള്ള ജി20 ഉച്ചകോടിക്കായി പ്രസിഡൻ്റ് എൽസിസി സെപ്തംബറിൽ ഇന്ത്യയിലേക്ക് എത്തും. പ്രത്യേക ക്ഷണിതാവായാണ് എൽസിസി ഇന്ത്യ സന്ദർശിക്കുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com