പള്ളിയില്‍ വെച്ച് ജയ് ശ്രീറാം വിളിക്കാന്‍ മുസ്ലിങ്ങളെ സൈന്യം നിര്‍ബന്ധിച്ചു; മെഹ്ബൂബ മുഫ്തി

വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയോട് അഭ്യര്‍ത്ഥിച്ചു
പള്ളിയില്‍ വെച്ച് ജയ് ശ്രീറാം വിളിക്കാന്‍ മുസ്ലിങ്ങളെ സൈന്യം നിര്‍ബന്ധിച്ചു; മെഹ്ബൂബ മുഫ്തി

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയിൽ പള്ളിയില്‍ പ്രവേശിച്ച സൈനികർ അവിടെയുള്ള മുസ്ലീങ്ങളെ 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മെഹബൂബ മുഫ്തി. സൈന്യത്തിന്റേത് പ്രകോപനപരമായ നടപടിയാണെന്ന് വിമർശിച്ച മെഹബൂബ മുഫ്തി, വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

'50 RR ല്‍ നിന്നുള്ള സൈനികര്‍ പുല്‍വാമയിലെ ഒരു പള്ളിയിലേക്ക് ഇരച്ചുകയറുകയും മുസ്ലിങ്ങളെ 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അമിത് ഷാ സ്ഥലത്തുണ്ടായിരിക്കെ നടന്ന ഇത്തരമൊരു നീക്കം പ്രകോപനപരമായ പ്രവൃത്തിയാണ്. ഉടന്‍ അന്വേഷണം നടത്താന്‍ രാജീവ് ഘായിയോട് അഭ്യര്‍ത്ഥിക്കുന്നു'. മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

തന്ത്രപ്രധാന സൈന്യമായ ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സിന്റെ കമാന്‍ഡറായി ജൂണ്‍ 14നാണ് രാജീവ് ഘായ് ചുമതലയേറ്റെടുത്ത്. പാകിസ്ഥാനുമായുള്ള നിയന്ത്രണ രേഖയുടെയും (എല്‍ഒസി) കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ചുമതല രാജീവ് ഘായ്ക്കാണ്. ജമ്മു കശ്മീരിലെ സ്ഥിതി ഗ്വാണ്ടനാമോ ബേയേക്കാള്‍ മോശമാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. കേന്ദ്രഭരണപ്രദേശത്ത് ജി 20 പരിപാടി നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതു മുതല്‍ നൂറുകണക്കിന് പ്രാദേശവാസികളെയാണ് സൈന്യം കസ്റ്റഡിയിലെടുത്തതെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു. ശ്രീനഗര്‍ നഗരം മെയ് മാസത്തില്‍ ജി20 പരിപാടികളിലൊന്നിന് ആതിഥേയത്വം വഹിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com