മഞ്ചേരി അപകടം: റോഡ് ഉപരോധിച്ച് നാട്ടുകാർ, പരിഹാരത്തിന് ധാരണ; പോസ്റ്റ്‌മോര്‍ട്ടം നടപടികൾ ആരംഭിച്ചു

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കും എന്ന ധാരണയിലെത്തി
മഞ്ചേരി അപകടം: റോഡ് ഉപരോധിച്ച് നാട്ടുകാർ, പരിഹാരത്തിന് ധാരണ; പോസ്റ്റ്‌മോര്‍ട്ടം നടപടികൾ ആരംഭിച്ചു

മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതിനാലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. സ്ഥലത്തെത്തിയ താഹസിൽദാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും പ്രാഥമിക തീരുമാനം എടുക്കുകയും ചെയ്ത ശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിക്കാൻ നാട്ടുകാർ തയാറായത്.

ഇന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഔദ്യോഗിക തലത്തിൽ നടത്തി പരിഹാരമുണ്ടാക്കും എന്നാണ് തഹസിൽദാർ നൽകിയിരിക്കുന്ന ഉറപ്പ്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കും എന്നാണ് ധാരണ.

വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവറായ അബ്ദുള്‍ മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരുടെ പോസ്റ്മോർട്ടം നടപടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ആരംഭിച്ചു. അരോഗ്യ പ്രവർത്തകരുടെ ഒരു വിദഗ്ദ്ധ സംഘം മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.

അപകടത്തിൽ മരിച്ച സഹോദരിമാരായ മുഹ്‌സിന, തെസ്‌നീം എന്നിവരുടെ മാതാവ് സാബിറയും ഒരു വയസുള്ള മകനുമടക്കം അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ ഒരു വയസുകാരന്റെ നില ഗുരുതരമായി തുടരുന്നതിനാൽ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവറായ അബ്ദുൾ മജീദിന്റെ മകളുടെ നിക്കാഹ് നടക്കേണ്ടിയിരുന്ന ദിവസമായാരുന്നു ഇന്ന്.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ഓട്ടോ പെട്ടെന്ന് വളച്ചപ്പോൾ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ അപകടത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com