മെസ്സിയുടെ അർജന്റീന കേരളത്തിൽ പന്ത് തട്ടും; കായിക മന്ത്രി

മന്ത്രിയുടെ ഉറപ്പ് അർജൻ്റീനയ്ക്ക് കേരളത്തിൽ വേദി ഒരുക്കാമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ
മെസ്സിയുടെ അർജന്റീന കേരളത്തിൽ പന്ത് തട്ടും; കായിക മന്ത്രി

മലപ്പുറം : മെസ്സിയുടെ അർജൻ്റീന കേരളത്തിൽ കളിക്കുമെന്ന ഉറപ്പുമായി കായികമന്ത്രി വി അബ്ദുറഹ്മാൻ. മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി സർക്കാർ നിരന്തര ഇടപെടൽ നടത്തുന്നുണ്ട്. ലോകോത്തര ടീമുകളൊക്കെ കേരളത്തിൽ പന്തുതട്ടണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക എന്നത് കായികവകുപ്പിന്റെ ലക്ഷ്യമാണ്. വൈകാതെ മത്സരങ്ങൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകചാമ്പ്യന്മാരായ അർജൻ്റീന ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാൻ ആ​ഗ്രഹിച്ചിരുന്നു. ഫിഫ ലോകകപ്പിൽ ലഭിച്ച വമ്പൻ ആരാധക പിന്തുണയ്ക്ക് നന്ദിപ്രകടനമായാണ് ഇന്ത്യയിൽ പന്ത് തട്ടാൻ അർജൻ്റീന ആ​ഗ്രഹിച്ചത്. എന്നാൽ അർജൻ്റീന ആവശ്യപ്പെട്ട തുക നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിച്ചിരുന്നു. 32 കോടി രൂപയാണ് മത്സരം കളിക്കാൻ അർജൻ്റീന ആവശ്യപ്പെട്ടതെന്നാണ് ഫെഡറേഷൻ വ്യക്തമാക്കിയത്. അതിനുശേഷമാണ് അർജൻ്റീനയെയും മെസ്സിയെയും കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ രം​ഗത്തെത്തിയത്.

എന്നാൽ കായികമന്ത്രിയുടെ പ്രസ്താവനയിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഏതെങ്കിലുമൊരു ക്ലബുമായി കളിക്കാനാണ് അർജൻ്റീന ആ​ഗ്രഹിച്ചതെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു. അർജൻ്റീനയെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ഭാ​ഗത്ത് നിന്നും തുടരുന്നുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com