മീന്‍ തല ചവക്കാന്‍ വലിയ ഇഷ്ടം, പക്ഷെ മുള്ള് തൊണ്ടയില്‍ കുടുങ്ങി; 91 കാരിയെ രക്ഷപ്പെടുത്തി

ഭക്ഷണവും മറ്റ് വസ്തുക്കളും വിഴുങ്ങുന്നത് കുട്ടികളിലും മുതിർന്നവരിലും സാധാരണമാണെങ്കിലും, ഇത് ഉയർന്ന അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
മീന്‍ തല ചവക്കാന്‍ വലിയ ഇഷ്ടം, പക്ഷെ മുള്ള് തൊണ്ടയില്‍ കുടുങ്ങി; 91 കാരിയെ രക്ഷപ്പെടുത്തി

യുഎഇയില്‍ താമസിക്കുന്ന 91 കാരിയായ ഇനെസ് റിച്ചാർഡ്‌സിന് മീൻ തല ചവയ്ക്കുന്നത് വലിയ ഇഷ്ടമാണ്.  എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചില അസ്വസ്ഥതകളെ തുടർന്ന് ഇനെസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മത്സ്യത്തിന്റെ മുള്ള് തൊണ്ടയില്‍ കുടുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തണെമന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

തൊണ്ടയില്‍ അസ്വസ്ഥതയുണ്ടായി, അടുത്ത ദിവസം തന്നെ ഭക്ഷണം ഇറക്കുന്നതിനും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മത്സ്യത്തിന്റെ മുള്ളിന്റെ വലിപ്പം എത്രത്തോളമാണെന്ന് അറിയാത്തതിനാല്‍ ബ്രെഡും മറ്റ് ഭക്ഷണവും മാത്രമാണ് കൊടുത്തിരുന്നത്. എന്നാല്‍ ഫലമുണ്ടായില്ലെന്ന് ഇനെസിന്റെ മകള്‍ സാന്‍ഡി സക്‌സേന പറഞ്ഞു . അമ്മയ്ക്ക് സഹിക്കാനാവാത്ത വേദന അനുഭവപ്പെടുന്നതെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഇനെസിന്റെ മകള്‍ പറഞ്ഞു.

അഞ്ച് ദിവസത്തെ അസ്വസ്ഥതകള്‍ക്ക് ശേഷം ദുബായിലെ മെദിയോര്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായി സംസാരിച്ചു. കാലതാമസം കൂടാതെ മത്സ്യത്തിന്റെ മുള്ള് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അമ്മയക്ക് ഭയവും വേദനയും ഉണ്ടായിരുന്നുവെന്നും സാന്‍ഡി പറഞ്ഞു. മുള്ള് നീക്കം ചെയ്യാൻ ശസ്ത്രക്രിയയാണ് ഏക പോംവഴിയുണ്ടായിരുന്നതെന്ന് ഓട്ടോളറിംഗോളജിസ്റ്റും തല, കഴുത്ത് ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ കിഷോര്‍ ചന്ദ്ര പ്രസാദ് പറഞ്ഞു.

'സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം അവർ ആശുപത്രിയിൽ വന്ന് തൊണ്ടയിൽ കുടുങ്ങിയ മീൻ മുള്ള് നീക്കം ചെയ്യാനുള്ള നിരവധി ശ്രമങ്ങൾ നടത്തി. ശേഷം ഇനെസിൻ്റെ അവസ്ഥ വെല്ലുവിളി നിറഞ്ഞതായിരുന്നു. വാർദ്ധക്യവും ആരോഗ്യ വെല്ലുവിളികളും പരിഗണിക്കേണ്ടതുണ്ടായിരുന്നു. ഭക്ഷണ കുഴലിൽ കുടുങ്ങിയ മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ചികിത്സയിലുടനീളം ഇനെസ് സഹകരിച്ചു', ഡോ. പ്രസാദ് പറഞ്ഞു.

നാസൽ ട്യൂബ് വഴിയാണ് ഇനെസിന് ഭക്ഷണം നൽകിയത്. ട്യൂബ് പുറത്തെടുത്ത ഉടനെ ഇനെസ് ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടു. നിലവിൽ ഇനെസ് പൂർണ്ണമായും സുഖമായിട്ടുണ്ട്. നന്നായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് മകൾ അറിയിച്ചു.

സാധാരണവും എന്നാൽ അപകടകരവുമാണ്

ഭക്ഷണവും മറ്റ് വസ്തുക്കളും വിഴുങ്ങുന്നത് കുട്ടികളിലും മുതിർന്നവരിലും സാധാരണമാണെങ്കിലും, ഇത് ഉയർന്ന അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ കേസുകൾ താൻ കാണുന്നുണ്ടെന്ന് അബുദബി എൽഎൽഎച്ച് ഹോസ്പിറ്റലിലെ ഇഎൻടി വിഭാഗം മേധാവിയും ഓട്ടോളറിംഗോളജി കൺസൾട്ടൻ്റുമായ ഡോ.പത്മനാഭൻ പറഞ്ഞു.

അടുത്തിടെ ഉച്ചഭക്ഷണം കഴിച്ച് തൊണ്ടവേദനയുമായി ആശുപത്രിയിൽ 14 വയസ്സുകാരനെത്തിയിരുന്നു. തൊണ്ടയിൽ എന്തോ കുടുങ്ങിയതായി തോന്നി, പിന്നീട് ചുമ തുടങ്ങി. വിരലുകൾ കൊണ്ട് അത് നീക്കം ചെയ്യാൻ ശ്രമിച്ച് പരിക്ക് ഉണ്ടായി. ആശുപത്രിയിലെത്തി കുട്ടി ചികിത്സ തേടിയപ്പോൾ പരിശോധനയ്ക്കിടയിൽ തൊണ്ടയിൽ രക്തം കണ്ടു.

'ഞാൻ എൻഡോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഭക്ഷണ കുഴലിൻ്റെ തുടക്കത്തിൽ കുറച്ച് രക്തക്കറകൾ ഉണ്ടായിരുന്നു. സൂക്ഷ്മപരിശോധനയിൽ മീൻ മുള്ളിൻ്റെ അറ്റം കണ്ടെത്തി', ഡോ പത്മനാഭൻ പറഞ്ഞു.

കുട്ടി സഹകരിക്കാത്തതിനാൽ അനസ്തേഷ്യ നൽകേണ്ടി വന്നു. എൻഡോസ്കോപ്പ്, ക്യാമറ, പ്രത്യേക ഫോഴ്സ്പ്സ് എന്നിവ ഉപയോഗിച്ചാണ് മുള്ള് നീക്കം ചെയ്തത്. പുറത്തെടുത്ത മീൻ മുള്ളിൻ്റെ നീളം ഏകദേശം 4-5 സെൻ്റീമീറ്റർ ആയിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഗൗരവമായി തന്നെ കാണണമെന്ന് ഡോ.കിഷോർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുമ്പോൾ കുടുങ്ങുന്ന മുള്ള് താഴേക്ക് പോകുമെന്ന് കരുതിയേക്കാം. പക്ഷേ വിഴുങ്ങുമ്പോൾ മൂർച്ചയുള്ള അറ്റം ഭക്ഷണ കുഴലിൽ തുളച്ചുകയറുകയും നെഞ്ച് പോലുള്ള ഭാ​ഗങ്ങളിലേക്ക് നീങ്ങുകയും അത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.

ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം

  • എല്ലുകളോ മുള്ളോ ഉണ്ടോയെന്ന് പരിശോധിച്ച ശേഷം ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക.

  • പ്രായമായവർ ഭക്ഷണം കഴിക്കുമ്പോൾ പല്ലുകൾ നീക്കം ചെയ്യണം, കാരണം അവ ഭക്ഷണത്തോടൊപ്പം വിഴുങ്ങുകയും ഉള്ളിൽ കുടുങ്ങിപ്പോകുകയും ചെയ്യും.

  • നിങ്ങളുടെ ശിരോവസ്ത്രമോ വസ്ത്രമോ ക്രമീകരിക്കുമ്പോൾ പിൻ വായിൽ സൂക്ഷിക്കരുത്. അത് അകത്തേക്ക് പോയി ശ്വാസനാളത്തിൽ തുളച്ചുകയറിയേക്കാം.

  • തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ വെള്ളം കുടിക്കുക. വിരൽ ഇടുകയോ ഭക്ഷണം വിഴുങ്ങുകയോ ചെയ്യരുത്. കാരണം അത് കൂടുതൽ ആഴത്തിൽ പോകാം.

  • എത്രയും വേഗം ഒരു ഇഎൻടി ഡോക്ടറെ സമീപിക്കുക.

  • കുട്ടികൾ കളിപ്പാട്ടങ്ങളിൽ നിന്ന് ബട്ടൺ ബാറ്ററികൾ വിഴുങ്ങുകയാണെങ്കിൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ബാറ്ററിയിലെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഭക്ഷണ കുഴലിൻ്റെ പാളി നശിപ്പിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com