വിവാഹേതര ബന്ധം, ഒന്നിൽ കൂടുതൽ പങ്കാളികൾ, വിർച്വൽ ഫ്ലർട്ടേഷൻ; പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം

കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇന്ത്യയിലെ പ്രണയ, വിവാഹ ജീവിത രീതികൾ മാറുന്നുവെന്ന് വ്യക്തമാകുന്നത്
വിവാഹേതര ബന്ധം, ഒന്നിൽ കൂടുതൽ പങ്കാളികൾ, വിർച്വൽ ഫ്ലർട്ടേഷൻ; പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം

ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങുന്ന പുരുഷന്മാരെന്ന പ്രയോ​ഗം പണ്ടേ ഉപേക്ഷിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ഒരു പുരുഷനിൽ മാത്രമൊതുങ്ങുന്ന സ്ത്രീ എന്ന സങ്കൽപ്പവും കാലഹരണപ്പെട്ടുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് വെറുമൊരു സ്റ്റേറ്റ്മെന്റല്ല, ​ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്ന നി​ഗമനമാണ്. വിവാഹേതര ഡേറ്റിങ്ങിനായി ഉപയോ​ഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇന്ത്യയിലെ പ്രണയ, വിവാഹ ജീവിതരീതികൾ മാറുന്നുവെന്ന് വ്യക്തമാകുന്നത്.

ഗ്ലീഡൻ സർവ്വെ

വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. വിവിധ നഗരങ്ങളിലെ 25 മുതൽ 50 വരെ പ്രായമുള്ള 1503 വിവാഹിതരെ ഉൾപ്പെടുത്തിയാണ് ഗ്ലീഡൻ സർവ്വെ നടത്തിയത്.

60 ശതമാനം പേരും പരമ്പരാഗതമല്ലാത്ത ഡേറ്റിങ് രീതികളാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ തന്നെ വിവാഹിതരായവർ, ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി പങ്കാളിയുള്ളവരും ഇല്ലാത്തവരുമായും ലൈംഗിക ബന്ധത്തിലേർപ്പെടുന്നുണ്ടെന്ന് സർവ്വെയിൽ മനസ്സ് തുറക്കുന്നു. തങ്ങളുടെ ലൈംഗിക താത്പര്യങ്ങൾ തുറന്നുപറയാൻ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും മടിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

പങ്കാളിയെ സ്വാപ് (കൈമാറ്റം) ചെയ്യുന്ന രീതിയും നഗരങ്ങളിലെ യുവാക്കൾക്കിടയിൽ സാധാരണമാകുന്നുണ്ട്. 'ബദൽ' ബന്ധങ്ങളിൽ കൂടുതൽ തുറന്ന സമീപനമാണ് കണ്ടുവരുന്നത്. ഇന്ത്യൻ സമൂഹം പരമ്പരാഗതമായി വിവാഹം, പ്രണയം എന്നിവയെ പവിത്രമായാണ് കരുതി വരുന്നത്. എന്നാൽ ആധുനിക ഇന്ത്യയിൽ ബന്ധങ്ങളിൽ മാറ്റം വരുന്നുണ്ടെന്ന് ഗ്ലീഡന്റെ സർവ്വെ സംഘം പറയുന്നു.

പരിശുദ്ധമായ ബന്ധം (Platonic Relation)

പരിശുദ്ധമായ ബന്ധം എന്നത് വിശ്വാസം എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാൽ വിശ്വാസം എന്നത് പങ്കാളിക്ക് പുറമെ മറ്റൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, വൈകാരിക അടുപ്പവും വിശ്വാസ്യതയിൽ ഉൾപ്പെടും. സർവ്വെയിൽ പങ്കെടുത്ത 46 ശതമാനം പുരുഷൻമാർ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിവിധ നഗരങ്ങളിൽ ഇത് വ്യത്യസ്തമാണ്. കൊൽക്കത്തയിൽ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നത് 52 ശതമാനം പുരുഷൻമാരാണ്.

വിർച്വൽ ഫ്ലർട്ടേഷൻ (35- 36 ശതമാനം)

ഈ സൈബർ കാലത്ത്, ഓൺലൈൻ വഴി പഞ്ചാരയടിക്കാത്തവർ വിരളമായിരിക്കും. 36 ശതമാനം സ്ത്രീകളും 35 ശതമാനം പുരുഷൻമാരും ഇന്റർനെറ്റ് ലോകത്തിലെ ഫ്ലർട്ടിങ് ആഘോഷിക്കാൻ ഇഷ്ടമുള്ളവരാണ്. സിറ്റികളിൽ ഇതിന് മാറ്റമുണ്ട്. കൊച്ചിയിൽ 35 ശതമാനം പേരും വിർച്വൽ പഞ്ചാരയടി ആസ്വദിക്കുന്നുണ്ട്.

പങ്കാളിയെ അല്ലാതെ മറ്റൊരാളെ സ്വപ്നം കാണുന്നവർ (33 - 35)

പങ്കാളിയെ അല്ലാതെ മറ്റൊരാളെയോ ഒന്നിലധികം പേരെയോ സ്വപ്നം കാണുന്നത് സാധാരണമായിരിക്കുന്നു. 33 ശതമാനം പുരുഷൻമാരും ഇത് സാധാരണമായാണ് കരുതുന്നത്. 35 ശതമാനം സ്ത്രീകളും ഇത് തുറന്ന് സമ്മതിക്കുന്നുമുണ്ട്. ജയ്പൂരിൽ ഇത് 28 ശതമാനവും ലുധിയാനയിൽ ഇത് 37 ശതമാനവുമാണ്.

മോഡേൺ ലവ്

ഒരാളുമായി മാത്രം റിലേഷനിലിരിക്കുക എന്നതാണ് മാതൃകാപരമെന്നും മറ്റെല്ലാം തെറ്റും അവിശുദ്ധവുമാണെന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്ന കാലം മാറിയിരിക്കുന്നുവെന്നാണ് സർവെ നൽകുന്ന സൂചന. ഇന്ത്യയിലെ പ്രണയ വിവാഹ സങ്കൽപ്പങ്ങൾ, പങ്കാളിയുമായുള്ള ബന്ധം, വിവാഹേതര ജീവിതം എന്നിവ അടിമുടി മാറുന്നുവെന്നാണ് ഈ പഠനം ഒടുവിൽ ക്രോഡീകരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com