ചെടികൾക്കും വേണം മഴക്കാല സംരക്ഷണം; കരുതാം ചില കാര്യങ്ങൾ

മൺസൂൺ എത്തും മുൻപേ വെട്ടിയൊരുക്കലുകൾ തുടങ്ങിക്കാണുമല്ലോ. ചില കാര്യങ്ങളിൽ കൂടി അല്പം ശ്രദ്ധ കൊടുത്താൽ ആരോഗ്യമുള്ള ഒരു പൂന്തോട്ടം ഒരുക്കാം
ചെടികൾക്കും വേണം മഴക്കാല സംരക്ഷണം; കരുതാം ചില കാര്യങ്ങൾ

ചെടികൾ തഴച്ചുവളരുന്ന കാലമാണ് മൺസൂൺ. വെള്ളം ധാരാളമായി ലഭിക്കുന്നതുകൊണ്ടുതന്നെ അടിമുടി തളിർത്തുനിൽക്കുന്ന തൊടിയും തോട്ടവുമാണ് മഴക്കാലത്തിന്റെ പ്രധാന ആകർഷണം. വേരോട്ടം വേഗത്തിൽ സാധ്യമാകുമെന്നതുകൊണ്ട് പുതിയ ചെടികൾ നടാനും മഴക്കാലം അനുയോജ്യമാണ്. എന്നാൽ സൂര്യപ്രകാശം കുറവായതുകൊണ്ട് വേനലിൽ നൽകുന്നതിനേക്കാൾ പരിരക്ഷ ഇക്കാലത്ത് ചെടികൾക്കാവശ്യമായിവരും. മൺസൂൺ എത്തും മുൻപേ വെട്ടിയൊരുക്കലുകൾ തുടങ്ങിക്കാണുമല്ലോ. ഇനിപ്പറയുന്ന കാര്യങ്ങളിൽ അല്പം ശ്രദ്ധ കൊടുത്താൽ ആരോഗ്യമുള്ള ഒരു പൂന്തോട്ടം ഒരുക്കാം.

മണ്ണ് പരിശോധിച്ച് മാത്രം

മഴക്കാലത്ത് ചെടികൾക്ക് വളരെ ചെറിയ അളവിൽ മാത്രമേ വെള്ളം ആവശ്യമുള്ളൂ എന്നിരിക്കെ, ചെടിച്ചട്ടിയിൽ നട്ടിരിക്കുന്ന ചെടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മണ്ണിലെ ഈർപ്പം പരിശോധിച്ച ശേഷം മാത്രമേ വെള്ളമൊഴിക്കണോ എന്നതിൽ തീരുമാനമെടുക്കാവൂ. അമിതമായ നനവ് മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുമെന്നതിനാൽ ചെടികളുടെ ആയുസ്സിന് ഇത് പ്രതികൂലമായേക്കും. മുകളിലെ മണ്ണ് ഇളക്കി കൊടുക്കുന്നത് പായലും പൂപ്പലും ഉണ്ടാകാതിരിക്കാൻ നല്ലതാണ്.

മണ്ണിരയുടെ ഗുണം

മൺസൂൺ സമയത്ത് സസ്യങ്ങൾ ധാരാളം പ്രാണികളെയും പുഴുക്കളെയും ആകർഷിക്കും. അവയെ എടുത്ത് കളയാൻ സമയം കണ്ടെത്തണം. വായുസഞ്ചാരത്തിനും മണ്ണിനെ നൈട്രേറ്റ് ചെയ്യുന്നതിനും മണ്ണിരകൾ സഹായിക്കുമെന്നതിനാൽ അവ ചെടിച്ചട്ടികളിൽ ഉണ്ടാകുന്നത് നല്ലതാണ്.

വളമിടുമ്പോൾ

സസ്യങ്ങൾക്ക് വേണ്ട പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. കനത്ത മഴയിൽ ചെടികൾക്ക് പോഷകങ്ങൾ നഷ്ടപ്പെട്ടേക്കാം. സാവധാനത്തിൽ ആഗിരണം ചെയ്യുന്ന ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് ഈ സമയങ്ങളിൽ നല്ലത്.

കള പറിക്കാം

മഴക്കാലത്ത് കളകൾ ഉണ്ടാകുക സ്വാഭാവികമാണ്. എല്ലാ ദിവസവും കളപറിക്കാൻ അൽപനേരം മാറ്റിവെച്ചാൽ കള കാടാകാതെ നോക്കാം. പുലർകാലങ്ങളിൽ ചെയ്താൽ ആയാസം കുറഞ്ഞ വ്യായാമവുമാകും.

ചിലർക്ക് താങ്ങ് വേണം

കനത്ത കാറ്റ് ഉണ്ടാകുനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് താങ്ങ് ആവശ്യമുള്ള ചെടികൾക്ക് കമ്പുകൾ കുത്തിക്കൊടുക്കാം. ചരട്/കയർ ഉപയോഗിച്ച് മറ്റൊന്നിനോട് ചേർത്ത് കെട്ടുകയുമാകാം.

സൂര്യപ്രകാശം പ്രധാനം

മെലിബഗ് മൂലമുണ്ടാകുന്ന വളർച്ച മുരടിപ്പ്, റോസ് ബ്ലാക്ക് സ്പോട്ട് ഫംഗസ് മൂലമുണ്ടാകുന്ന ഇലകളിലെ പാടുകൾ, റൈസ് ബ്ലാസ്റ്റ് ഫംഗസ് മൂലമുണ്ടാകുന്ന അഴുകൽ എന്നീ രോഗബാധകൾ മഴക്കാലത്ത് സാധാരണമാണ്. ദിവസത്തിൽ അരമണിക്കൂറെങ്കിലും അസുഖ ബാധിതരായ ചെടികൾക്ക് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പാടുകളും ഫംഗസ് ബാധയും കണ്ടുതുടങ്ങുമ്പോൾ തന്നെ ആ ഇലകൾ നീക്കം ചെയ്യുന്നത് രോഗം പടരുന്നതിനെ തടയും.

കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കണം

ചെടിച്ചട്ടികളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ചട്ടിയ്ക്ക് താഴെയുള്ള പ്ലേറ്റിൽ വെള്ളം ശേഖരിക്കുകയാണെങ്കിൽ അത് പതിവായി നീക്കം ചെയ്യണം. കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങൾ തോട്ടത്തിൽ ഇല്ലെന്ന് ഉറപ്പുവരുത്താം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com