ഉറക്കം കൂടുന്നതും കുറയുന്നതും പ്രമേഹത്തിന് കാരണമായേക്കാം; പഠനങ്ങൾ പറയുന്നതിങ്ങനെ

ഉറങ്ങാതിരിക്കുന്നതിനേക്കാൾ അപകടമാണ് ദൈർഘ്യമേറിയ ഉറക്കമെന്ന് പഠനറിപ്പോർട്ട് പറയുന്നു
ഉറക്കം കൂടുന്നതും കുറയുന്നതും പ്രമേഹത്തിന് കാരണമായേക്കാം; പഠനങ്ങൾ പറയുന്നതിങ്ങനെ

കൂടുതൽ നേരം ഉറങ്ങുന്നതും ഉറങ്ങാതിരിക്കുന്നതും പ്രമേഹത്തിന് കാരണമാകുമെന്ന് പുതിയ പഠനറിപ്പോർട്ട്. 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവ‍ർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ചിക്കാഗോയിലെ എൻഡോ 2023ൽ അവതരിപ്പിച്ച പുതിയ പഠനറിപ്പോർട്ടിൽ പറയുന്നു. ഈ അപകടസാധ്യത കുറയ്ക്കുന്നതിനായി നല്ല ഉറക്കശീലം പരിശീലിക്കണമെന്നാണ് ഗവേഷകർ അവശ്യപ്പെടുന്നത്. ആറ് മണിക്കൂറിൽ കുറവ് അല്ലെങ്കിൽ പത്ത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിലാണ് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കാണുന്നത്. ഉറങ്ങാതിരിക്കുന്നതിനേക്കാൾ അപകടമാണ് ദൈർഘ്യമേറിയ ഉറക്കമെന്നും പഠനറിപ്പോർട്ട് പറയുന്നു.

ഉറക്കത്തിന്റെ ദൈർഘ്യം നാല് ഗ്രൂപ്പുകളായി തിരിച്ചുകൊണ്ടാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ആറ് മണിക്കൂർ, ആറ് മുതൽ ഏഴ് മണിക്കൂർ, എട്ട് മുതൽ ഒൻപത് മണിക്കൂർ, പ്രതിദിനം 9 മണിക്കൂർ, ഓരോ ദിവസവും 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവർ എന്നിങ്ങനെയാണ് തരംതിരിച്ചത്.

പത്ത് മണിക്കൂറിലധികം ഉറങ്ങുന്നവർക്കാണ് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഉറക്കത്തിന് ദൈർഘ്യം കൂടുമ്പോൾ ശരീരത്തിലെ ഇൻസുലിൻ ഗ്ലൈക്കോജെനിക്കിന്റെ അളവ് കുറയുന്നു. ഇൻസുലിൻ പ്രതിരോധവും ഇൻസുലിൻ ഉല്പാദനത്തിന്റെ കുറവുമാണ് ഉറക്കവും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അമിതമായ മയക്കം മൂലം പാൻക്രിയാറ്റിക് ബീറ്റാ സെല്ലിന്റെ പ്രവർത്തനത്തിൽ അപചയം ഉണ്ടാകുന്നു. ഇത് ഡയബറ്റിസ് മെലിറ്റസ് എന്ന രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

പ്രമേഹം വരാതിരിക്കാൻ വേണം നല്ല ഉറക്കം

ഉറക്കത്തിന്റെ സമയക്രമം നിശ്ചിതമാക്കുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. ഏകദേശം ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.  ഈ സമയക്രമം മികച്ച ഉറക്കത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. കൃത്യസമയത്തുള്ള ഉറക്കം നല്ല വിശ്രമം ലഭിക്കാൻ കാരണമാകുകയും ദിനചര്യ കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യും.

ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം

ചൂട് കുറഞ്ഞതും ഇരുണ്ടതും ശാന്തവുമായ അന്തരീക്ഷം മികച്ച ഉറക്കം നൽകുമെന്നാണ് ഗവേഷകർ പറയുന്നത്. കിടക്കയും തലയിണയും ശരീരത്തിന് സുഖകാരമാകുന്ന വിധമാകണം. കിടക്കുന്നതിന് മുൻപ് ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ചെറുചൂടുവെള്ളത്തിലുള്ള കുളി എന്നിങ്ങനെയുള്ള റിലാക്സേഷൻ ടെക്നിക്കുകൾ ചെയ്യാം. ഈ റിലാക്സേഷൻ ടെക്നിക്കുകൾ സമ്മർദ്ദം കുറയ്ക്കാനും ശരീരത്തെ ഉറക്കത്തിനായി തയ്യാറാക്കാനും സഹായിക്കുന്നു.

എന‍ർജി ഡ്രിങ്കുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം പരിമിതപ്പെടുത്തുക

മദ്യം, കഫീൻ, നിക്കോട്ടിൻ എന്നിവയടങ്ങിയ പദാർത്ഥങ്ങൾ ഉറങ്ങുന്നതിന് മുൻപ് ഒഴിവാക്കാം. അവ ഉറക്കത്തെ തടസ്സപ്പെടുത്തി ഉന്മേഷം നൽകുന്നവയാണ്. ഉറങ്ങുന്നതിന് മുമ്പ് സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഈ ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന ബ്ലൂ റെയ്സ് ഉറത്തിന്റെ ചക്രത്തെ തടസ്സപ്പെടുത്തും.

ആരോഗ്യകരമായ ജീവിതശൈലി

നല്ല ജീവിത ശൈലി തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണെന്ന് എൻഡോ 2023ലെ പ്രബന്ധത്തിൽ ഗവേഷകർ പറയുന്നു.  സമീകൃതാഹാരം കഴിക്കുക, സമ്മർദ്ദത്തെ നിയന്ത്രിക്കുക, ദിനചര്യ ചിട്ടയോടെ ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാം. ഉറക്കക്കുറവ്, ആരോ​ഗ്യകരമല്ലാത്ത ഭക്ഷണക്രമം, ചിട്ടയില്ലാത്ത ജീവിതക്രമം ഇതെല്ലാം ശാരീരിക പ്രവർത്തനത്തെ ദോഷമായി ബാധിക്കുന്നവയാണ്.

ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഉറക്കമില്ലായ്മ. ഇതിന് ഒരു പരിധിവരെ കാരണം നമ്മളും. നിഷ്ഠയോടെയുള്ള ജീവിത രീതി ജീവിതശൈലി രോഗങ്ങളെ മാറ്റിനിർത്തിയേക്കാം. എന്നാൽ ഇവയെല്ലാം ചെയ്തിട്ടും ഉറക്കം ക്രമീകരക്കാനാകുന്നില്ലെങ്കിൽ കൂടുതൽ പരിശോധനയ്ക്കായും രോ​ഗനിർണയത്തിനായും ഒരു വിദ​ഗ്ധന്റെ സഹായം തേടാവുന്നതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com