മഹാരാഷ്ട്രയിൽ കോൺഗ്രസ്- ശിവസേന സഖ്യം പ്രതിസന്ധിയിൽ

മുംബൈയിലെ രണ്ട് സീറ്റുകളിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി സീറ്റിലുമുള്ള തർക്കമാണ് സഖ്യത്തിൽ ഭിന്നത സൃഷ്ടിച്ചിരിക്കുന്നത്
മഹാരാഷ്ട്രയിൽ കോൺഗ്രസ്- ശിവസേന  സഖ്യം പ്രതിസന്ധിയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിൽ ഭിന്നത രൂക്ഷമാകുന്നു. ബിജെപി മുന്നണിയിൽ നിന്നും പിണങ്ങി പോന്ന ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിൻ്റെ കീഴിലുള്ള എൻസിപിയും കോൺഗ്രസുമാണ് സഖ്യത്തിലുള്ളത്.

മുംബൈയിലെ രണ്ട് സീറ്റുകളിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി സീറ്റിലുമുള്ള തർക്കമാണ് സഖ്യത്തിൽ ഭിന്നത സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിക്കെതിരെയുള്ള മഹാവികാസ് അഘാഡി സഖ്യത്തിൽ ചേരുന്നതിൽ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി ഇതുവരെ തീരുമാനം എടുക്കാത്തതും മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പ് ചിത്രത്തെ കൂടുതൽ സങ്കീർണമാക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ദിവസം ശരദ് പവാറിന്റെ നേതൃത്വത്തിൽ സഖ്യം യോഗം ചേർന്നെങ്കിലും പ്രശ്നപരിഹാരമായില്ല. ഉദ്ധവ് താക്കറെ ശിവസേന വിഭാഗം ആവശ്യപ്പെടുന്ന സാംഗ്ലി സീറ്റാണ് മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന പ്രധാനവിഷയം. പരമ്പരാഗതമായി കോൺഗ്രസിൻ്റെ ഉറച്ച മണ്ഡലമാണ് സാംഗ്ലി. കോൺഗ്രസിന് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലം ശിവസേനയ്ക്ക് കൈമാറുന്നതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും ശക്തമായ എതിർപ്പാണുള്ളത്.

ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

നിലവിൽ വിവിധ മണ്ഡലങ്ങളിൽ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്ന ഉദ്ധവ് താക്കറെ വ്യാഴാഴ്ച്ച സാംഗ്ലിയിൽ എത്തിയിരുന്നു. ഗുസ്തി താരം ചന്ദ്രഹർ പാട്ടീൽ സാംഗ്ലിയിൽ ശിവസേനയുടെ സ്ഥാനാർത്ഥിയായിരിക്കുമെന്ന് ഉദ്ധവ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ സഖ്യത്തിന്റെ റാലിയിൽ നിന്ന് വിട്ട് നിന്നിരുന്നു. താക്കറെയുടെ പ്രഖ്യാപനത്തിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പരസ്യമായി എതിർപ്പ് ഉന്നയിച്ചിരുന്നു. തർക്കമുള്ള സീറ്റുകൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും ഒറ്റയ്ക്ക് പ്രഖ്യാപനം നടത്തുകയല്ല മര്യാദയെന്നും നാനാ പടോലെ വിമർശിച്ചിരുന്നു.

കോലാപൂർ സീറ്റ് കോൺഗ്രസിനും സഖ്യകക്ഷിയായ സ്വാഭിമാനി ഷേത്കാരി സംഘടനാ നേതാവ് രാജു ഷെട്ടിക്ക് ഹട്കനാംഗ്ലെ സീറ്റും വിട്ടുനൽകിയ ശിവസേനയ്ക്ക് പടിഞ്ഞാറൻ മേഖലയിൽ സാംഗ്ലി സീറ്റിന് ന്യായമായും അർഹതയുണ്ടെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

ശരദ് പവാർ
ശരദ് പവാർ

സാംഗ്ലിയിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിൻ്റെ ചെറുമകൻ വിശാൽ പാട്ടീലിനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. അതിനിടെയാണ് മണ്ഡലത്തിൽ ഗുസ്തി താരം ചന്ദ്രഹർ പാട്ടീലിനെ പാർട്ടി സ്ഥാനാർത്ഥിയായി തീരുമാനിച്ചുള്ള ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം വരുന്നത്. അതോട് കൂടിയാണ് വീണ്ടും സഖ്യത്തിൽ ഭിന്നത രൂക്ഷമായത്. അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ പരിഹരിച്ച് ബിജെപിക്കെതിരെ ശക്തമായ മത്സരം നടത്തുമെന്ന് സഖ്യനേതാക്കൾ പറഞ്ഞു.

നിലവിൽ ചില സീറ്റുകളിൽ ഭിന്നതയുണ്ടെകിലും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം പരിഹരിച്ച് ബിജെപിയെ നേരിടാൻ സഖ്യം പൂർണ്ണ സന്നദ്ധമാകുമെന്ന് ശിവസേനയുടെ മുൻ മന്ത്രി കൂടിയായിരുന്ന ആദിത്യ താക്കറെ പറഞ്ഞു. 48 അംഗങ്ങളെ ലോക്‌സഭയിലേക്ക് അയക്കുന്ന മഹാരാഷ്ട്രയിൽ നിന്ന് കോൺഗ്രസ് 11 സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായാണ് പ്രഖ്യാപനം നടന്നത്. ബിജെപിയുടെ ആദ്യ പട്ടികയിൽ ഇതുവരെ 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com