ബംഗാളിലെ ഈ ഗ്രാമത്തിൽ ഇനി തിരഞ്ഞെടുപ്പില്ല; അവസാന വോട്ടെടുപ്പിനൊരുങ്ങി അലിപുർധുവാർ

ഇക്കുറി രാജ്യത്ത് നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പ് ഇന്ത്യയിൽ ഒരു ഗ്രാമത്തിലെ അവസാന തിരഞ്ഞെടുപ്പാകും
ബംഗാളിലെ ഈ ഗ്രാമത്തിൽ ഇനി തിരഞ്ഞെടുപ്പില്ല; അവസാന വോട്ടെടുപ്പിനൊരുങ്ങി അലിപുർധുവാർ

ഇക്കുറി രാജ്യത്ത് നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പ് ഇന്ത്യയിൽ ഒരു ഗ്രാമത്തിലെ അവസാന തിരഞ്ഞെടുപ്പാകും. ബംഗാളിലെ അലിപുർധുവാർ എന്ന ഗ്രാമമാണ് തങ്ങളുടെ അവസാന തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഈ ഗ്രാമം ബുക്‌സ ടൈഗർ റിസർവിന്റെ ഭാഗമായി മാറും. ഗ്രാമത്തിൽ താമസിച്ചിരുന്ന 115 പേരെയും ഇതിനകം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഇവർക്ക് ഗ്രാമത്തിൽ തന്നെ വോട്ടെടുപ്പ് കേന്ദ്രം ഒരുക്കും. കടുവകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചിരിക്കുന്നത്.

1973 മുതൽ 215 ഗ്രാമങ്ങളിൽ നിന്ന് 18,493 കുടുംബങ്ങളെ ഇത്തരത്തിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 2020 ലെ കണക്കനുസരിച്ച് നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 496 ഗ്രാമങ്ങളിലായി 41,086 കുടുംബങ്ങൾ കടുവാ സങ്കേതങ്ങളിൽ ജീവിക്കുന്നുണ്ട്. ഇവരെയും വിവിധ ഘട്ടങ്ങളായി മാറ്റി പാർപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 1973 ൽ 9 കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ 2022 ൽ അത് 52 ആയി ഉയർന്നതായി എൻജിഒ ഇൻഡിജിനസ് റൈറ്റ്സ് അഡ്വക്കസി സെൻ്റർ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. നിലവിൽ 75,000 ചതുരശ്ര കിലോമീറ്ററാണ് ഈ 52 കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ മൊത്തം വിസ്തൃതി.

രാജ്യത്തെ കടുവകളെ സംരക്ഷിക്കുക എന്നതാണ് ഇത്തരം റിസർവ് സോണുകൾ ഉണ്ടാക്കുന്നതിലെ ലക്ഷ്യം. കഴിഞ്ഞ 12 വർഷങ്ങളിൽ 86 കടുവകൾ കൊല്ലപ്പെട്ടതായി ഇന്ത്യയുടെ വന്യജീവി ചരിത്രമായ മോണോഗ്രാഫിൽ മഹേഷ് രംഗരാജൻ പറയുന്നുണ്ട്. 2021-ൽ ഒഡീഷയിലെ വന്യജീവി സങ്കേതമായ ദെബ്രിഗഡ് മനുഷ്യവാസ രഹിതമാക്കി മാറ്റി. 2020-ൽ, ഒഡീഷയിലെ സിമിലിപാൽ ടൈഗർ റിസർവിൻ്റെ ബഫർ ഏരിയയ്ക്കുള്ളിൽ കിടക്കുന്ന ഖജൂരി ഗ്രാമത്തിലെ 110 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതിന് മുമ്പും ശേഷവും കടുവകൾ താമസിക്കുന്ന സങ്കേതങ്ങൾക്കടുത്ത് നിരവധി ഗ്രാമങ്ങളെ മാറ്റി പാർപ്പിച്ചു. ഇത്തരം പ്രദേശത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയമം ലംഘിച്ചു സോൺ കടക്കുന്നവരെ വനപാലകർ വെടിവെച്ചിടുന്ന സംഭവങ്ങളുണ്ടായി.

റിപ്പോർട്ടുകൾ പ്രകാരം, ഈ സ്ഥലമാറ്റങ്ങളിൽ ചിലത് സമാധാനപരവും ചിലത് നിർബന്ധിതവുമാണ്. ആദിവാസികൾ അടക്കമുള്ളവരെ സൗകര്യങ്ങൾ വിച്ഛേദിച്ച് കാടിറക്കുന്നു എന്ന വിമർശനവുമുണ്ട്. എന്നാൽ ബംഗാളിലെ അലിപുർധുവാർ ഗ്രാമത്തിലെ ജനങ്ങൾക്ക് വിവിധ സൗകര്യങ്ങളാണ് ജില്ലാ മജിസ്‌ട്രേറ്റ് ഒരുക്കി കൊടുത്തിട്ടുള്ളത്. മാറ്റിപാർപ്പിക്കപ്പെട്ട ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനുള്ള വാഹന സൗകര്യമടക്കമുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com