കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയ; മുറിവുകള്‍ തുന്നിക്കെട്ടി

കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു മൂര്‍ഖന്റെ സ്ഥിതി
കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയ; മുറിവുകള്‍ തുന്നിക്കെട്ടി

കൊല്ലം: കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയ നടത്തി. കരിക്കോട് ടികെഎം കോളേജിനടുത്തെ റോഡില്‍വെച്ച് പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിനാണ് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്. പരിക്കേറ്റ മൂര്‍ഖന്‍ ശൗര്യത്തോടെ നിന്നതിനാൽ നാട്ടുകാര്‍ക്ക് എടുത്തു മാറ്റാനായിരുന്നില്ല. കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു മൂര്‍ഖന്‍.

ഒടുവില്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിനെ വിവരം അറിയിക്കുകയും അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അന്‍വറിന്‍റെ നേതൃത്വത്തില്‍ വനപാലകസംഘം എത്തി മൂര്‍ഖനെ പ്രത്യേക കൂട്ടിനുള്ളിലാക്കുകയുമായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ച് ശസ്ത്രക്രിയാ വിഭാഗത്തിലേക്ക് മാറ്റിയ മൂര്‍ഖന് അനസ്‌തേഷ്യയും രക്തസ്രാവം നില്‍ക്കാനുള്ള മരുന്നുകൾ നല്‍കി. ഒരുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കുടല്‍മാല ഉള്ളിലാക്കി മുറിവുകള്‍ തുന്നിക്കെട്ടാനായി.

ആന്റിബയോട്ടിക്കുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അഞ്ചുദിവസത്തെ തുടര്‍ചികിത്സകൂടി വേണം. ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ. സജയ് കുമാര്‍, ഡോ. എസ് കിരണ്‍ ബാബു, അജിത് മുരളി എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മുറിവ് ഉണങ്ങിയ ശേഷം മൂര്‍ഖനെ കുളത്തൂപ്പുഴ വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com