നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; തദ്ദേശവാര്‍ഡ് വിഭജന ബില്‍ അവതരിപ്പിക്കും

ബാര്‍ക്കോഴ വിവാദം മുതല്‍ സിഎംആര്‍എല്‍ മാസപ്പടി വരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; തദ്ദേശവാര്‍ഡ് വിഭജന ബില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും. തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തുക. ബാര്‍ക്കോഴ വിവാദം മുതല്‍ സിഎംആര്‍എല്‍ മാസപ്പടി വരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.

ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ സഭയിലെത്തുന്ന പ്രതിപക്ഷത്തെ ഭരണപക്ഷം എങ്ങനെ നേരിടും എന്നതാണ് ഉറ്റുനോക്കുന്നത്. നാളെ മുതല്‍ 28 ദിവസം നീളുന്ന സഭാ സമ്മേളനം ജൂലൈ 25നാണ് അവസാനിക്കുക. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ബാര്‍കോഴ മുതല്‍ മാസപ്പടി വരെ പ്രതിപക്ഷത്തിന്റെ അവനാഴിയില്‍ ആയുധങ്ങള്‍ ഏറെ.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയ പിഴവുകളടക്കം സഭയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. സഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് നീക്കം. ബാര്‍കോഴ വിവാദത്തില്‍ 11ന് യൂത്ത് കോണ്‍ഗ്രസും 12ന് യുഡിഎഫും നിയമസഭയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷം സഭയിലെത്തിക്കും.

ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിയാകും സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കുക. രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നു വര്‍ഷക്കാലം നടപ്പിലാക്കിയ പദ്ധതികളിലാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. ആരോപണ പ്രത്യാരോപണങ്ങള്‍ സഭയെ പ്രക്ഷുബ്ധം ആക്കുമെന്ന് ഉറപ്പ്. ഗവര്‍ണര്‍ മടക്കിയ തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ബില്ലായി ആദ്യ ദിവസം സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ സഭയിലെത്തും. 17 വരെ ഇരുവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം. 13 മുതല്‍ 15 വരെ ലോകകേരളസഭയ്ക്കും നിയമസഭ വേദിയാകും.

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; തദ്ദേശവാര്‍ഡ് വിഭജന ബില്‍ അവതരിപ്പിക്കും
അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

Related Stories

No stories found.
logo
Reporter Live
www.reporterlive.com