മോഷണം പോയ സൈക്കിളിന് പകരം പുത്തൻ സൈക്കിൾ, 'മന്ത്രിയപ്പൂപ്പൻ' നേരിട്ട് നൽകി; അവന്തിക സൂപ്പർ ഹാപ്പി

പരാതി അറിയിച്ചെങ്കിലും ഉടനടി ഒരു നടപടി അവന്തിക പ്രതീക്ഷിച്ചതല്ല. പക്ഷേ പരിഹാരം വന്നു.
മോഷണം പോയ സൈക്കിളിന് പകരം പുത്തൻ സൈക്കിൾ, 'മന്ത്രിയപ്പൂപ്പൻ' നേരിട്ട് നൽകി; അവന്തിക സൂപ്പർ ഹാപ്പി

കൊച്ചി: ദിവസവും സ്കൂളിലേക്ക് പോകാൻ കൂട്ടുണ്ടായിരുന്ന പ്രിയപ്പെട്ട സൈക്കിൾ പെട്ടന്നൊരു ദിവസം മോഷണം പോയതിന്റെ വിഷമം ചെറുതൊന്നുമായിരുന്നില്ല അവന്തികയ്ക്ക്. സൈക്കിൾ പോയതിന്റെ വിഷമവും ഇനി പുതിയതൊരെണ്ണം എങ്ങനെ വാങ്ങുമെന്ന ആശങ്കയും കൂടിയായപ്പോൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക മാത്രമായിരുന്നു അവന്തികയുടെ മുന്നിലെ പോം വഴി. ഒപ്പം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കും അവന്തിക പരാതി മെയിലയച്ചു. ഒരാൾ തന്റെ സൈക്കിളുമായി പോകുന്നത് തൊട്ടടുത്ത ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പൊലീസിൽ പരാതി നൽകാൻ കാരണം.

പരാതി അറിയിച്ചെങ്കിലും ഉടനടി ഒരു നടപടി അവന്തിക പ്രതീക്ഷിച്ചതല്ല. പക്ഷേ പരിഹാരം വന്നു. ട്യൂഷന് പോകുമ്പോൾ നഷ്ടപ്പെട്ട സൈക്കിളിന് പകരം ഒരു പുത്തൻ സൈക്കിൽ മന്ത്രിയുടെ വക അവന്തികയ്ക്ക് എത്തി. എളമക്കര ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് മന്ത്രി വി ശിവൻകുട്ടി അവന്തികയ്ക്ക് നേരിട്ട് സൈക്കിൾ കൈമാറി.

മെയ് 21നായിരുന്നു സൈക്കിൾ മോഷണം പോയത്. ഉച്ചയ്ക്ക് അവന്തികയുടെ പാലാരിവട്ടത്തെ വാടക വീട്ടിൽ നിന്ന് സൈക്കിൾ കാണാതായി. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ തന്നെ സ്റ്റേഷനിൽ ഇരുന്നുതന്നെ വിദ്യാഭ്യാസ മന്ത്രിക്കും മെയിലയച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ മന്ത്രിയുടെ ഓഫീസിൽ നിന്ന് അവന്തികയ്ക്ക് ഫോൺ വിളിയെത്തി. ജൂൺ 2ന് എളമക്കര സ്കൂളിലെത്താൻ പറഞ്ഞായിരുന്നു വിളിച്ചത്.

എളമക്കര സ്കൂളിലെത്തി മന്ത്രിയിൽ നിന്ന് സൈക്കിൾ ഏറ്റുവാങ്ങിയ അവന്തികയ്ക്ക് സന്തോഷം പറഞ്ഞറിയിക്കാനാകുമായിരുന്നില്ല. സൈക്കിൾ കൊണ്ടുപോയ കള്ളനെ കണ്ടെത്താനായില്ലെങ്കിലും തന്റെ സങ്കടം പരിഹരിക്കാൻ മന്ത്രിയെത്തിയതിൽ അവന്തിക സൂപ്പർ ഹാപ്പിയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ മന്ത്രിമാരുണ്ടെന്ന ഉറച്ച വിശ്വാസമാണ് വിദ്യാഭ്യാസമന്ത്രിക്ക് മെയിലയ്ക്കാൻ കാരണമെന്നാണ് അവന്തിക പറയുന്നത്.

എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് അവന്തിക പഠിച്ചിറങ്ങിയത്. തമ്മനത്ത് പച്ചക്കറിക്കട നടത്തുന്ന ഗിരീഷിന്റെയും നിഷയുടെയും മകളാണ് അവന്തിക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com