എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

നാളെ മുതൽ ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുമെന്നും ക്യാബിൻ ക്രൂ
എയർ ഇന്ത്യ എക്സ്‍പ്രസ്  പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

ഡൽഹി: എയർ ഇന്ത്യ എക്സ്‍പ്രസ് ജീവനക്കാരുടെ സമരം അവസാനിപ്പിക്കാൻ ധാരണ. പണിമുടക്കിയതിന് പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കും. ജീവനക്കാർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ നടപ്പാക്കുന്നത് പരിഗണിക്കാമെന്നും മധ്യ മേഖലാ ചീഫ് ലേബർ കമ്മീഷണർ വിളിച്ച ചർച്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് ഉറപ്പ് നൽകി. ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരത്തിലുള്ള മുഴുവൻ ജീവനക്കാരും തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയിസ് യൂണിയൻ അറിയിച്ചു.

രണ്ട് ദിവസമായി പതിനായിരത്തിലേറെ യാത്രക്കാരെ ദുരിതത്തിലാക്കിയ വിമാനാ യാത്ര പ്രതിസന്ധിക്കാണ് ദില്ലി ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥ ചർച്ചയിൽ പരിഹാരമായത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പണിമുടക്കിയ 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളിൽ 25 പേരെ കമ്പനി പുറത്താക്കിയിരുന്നു. പുറത്താക്കിയ മുഴുവൻ പേരെയും തിരിച്ചെടുക്കുമെന്നാണ് ചർച്ചയിൽ കമ്പനി നൽകിയ ഉറപ്പ്. അതേസമയം സമരത്തിന് കാരണമായ വിവിധ ആവശ്യങ്ങളിൽ പ്രത്യേകം ഉറപ്പ് ലഭിച്ചിട്ടില്ല, ഇവയെല്ലാം പരിശോധിക്കാമെന്നാണ് കമ്പനിയുടെ മറുപടി. തൊഴിൽ സുരക്ഷ ഉറപ്പായതോടെ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.

അവധിയിൽ പോയ മുഴുവൻ ജീവനക്കാരും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കും. എയർ ഇന്ത്യ എക്സ്പ്രസിനെ പ്രതിനിധീകരിച്ച് ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസറാണ് ചർച്ചയിൽ പങ്കെടുത്തത്. കമ്പനി സിഇഒ ചർച്ചയ്ക്ക് എത്താത്തതിൽ തൊഴിലാളി യൂണിയൻ അതൃപ്തി പ്രകടിപ്പിച്ചു. ഈ മാസം 28ന് തുടർചർച്ച നടത്താമെന്ന ധാരണയിലാണ് മധ്യസ്ഥ ചർച്ച പിരിഞ്ഞത്. അതേസമയം ബുധനാഴ്ചയിലേതിന് സമാനമായി വ്യാഴാഴ്ചയും എയർ ഇന്ത്യ എക്സ്പ്രസിന് ഫ്ലൈറ്റുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടിവന്നു. 84 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. ആകെ 283 ഫ്ലൈറ്റുകൾ ആണ് സർവീസ് നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com