എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

71831 പേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിജയ ശതമാനം 99.69 ആണ്. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

71,831 പേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. 4,25,563 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതിയത് 94 പേരാണ്, ഇവരില്‍ യോഗ്യത നേടിയത് 66 പേരാണ്. വിജയശതമാനം 70.2ശതമാനമാണ്.

വിജയ ശതമാനം കൂടിയ റവന്യൂ ജില്ല കോട്ടയമാണ്, 99.92 ശതമാനം. വിജയ ശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല തിരുവനന്തപുരമാണ് . ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4934 പേരാണ് ഇവിടെ എ പ്ലസ് നേടിയത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം തന്നെ ആയിരുന്നു.

ഗൾഫ് സെന്ററുകളില്‍ പരീക്ഷ എഴുതിയവരില്‍ യോഗ്യത നേടിയത് 516 വിദ്യാർത്ഥികൾ ആണ്. 96.81 ആണ് വിജയശതമാനം. ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 285 പേരില്‍ 277 പേർ തുടര്‍പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 97.19 ആണ്.

892 സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 1139 എയ്ഡഡ് സ്‌കൂളുകളും 443 അണ്‍എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ ആകെ എണ്ണം 2474 ആണ്. കഴിഞ്ഞ വര്‍ഷം 2581 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയിരുന്നു. പുനര്‍ നിര്‍ണയത്തിനുള്ള അപേക്ഷ മെയ് 9 മുതല്‍ 15 വരെ ഓണ്‍ലൈന്‍ ആയി നല്‍കാം. സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ നടക്കും. സേ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂണ്‍ രണ്ടാം വാരം നടക്കും. മാര്‍ക്ക് ലിസ്റ്റ് മൂന്ന് മാസത്തിനകം നല്‍കാനും ശ്രമമുണ്ട്.

2025 ലെ എസ്എസ്എല്‍സി പരീക്ഷ സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി സംസാരിച്ചു. പേപ്പര്‍ മിനിമം രീതി ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത വര്‍ഷം മുതല്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. ഹയര്‍സെക്കണ്ടറിയിലും പേപ്പര്‍ മിനിമം രീതിയില്‍ പരീക്ഷ നടത്താനാണ് ആലോചന. ഇതിനുവേണ്ടി വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണം.

2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഒന്‍പതിനു നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. അതേസമയം 2024 ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. പ്രവേശനത്തില്‍ അക്കാദമിക് മെറിറ്റിനു പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ വാരിക്കോരി മാര്‍ക്ക് ഇട്ടിട്ടില്ലെന്നും എഴുതിയതിനാണ് കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com