പെരുമ്പാവൂർ അനസിന്റെ സംഘം ലക്ഷ്യം; ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരും

കൂട്ടാളികൾ പലരും ഒളിവിൽ പോയതായാണ് വിവരം.
പെരുമ്പാവൂർ അനസിന്റെ സംഘം ലക്ഷ്യം; ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരും

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തെ ലക്ഷ്യമിട്ട് ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരും. ഇന്നലെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. അനസിന്റെ അടുത്ത കൂട്ടാളിയാണ് തോക്കുകളുമായി പിടിയിലായ റിയാസ്. കൂട്ടാളികൾ പലരും ഒളിവിൽ പോയതായാണ് വിവരം.

പെരുമ്പാവൂർ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് വ്യാപക റെയ്ഡ് നടത്തിയത്. മാഞ്ഞാലിയിലെ റിയാസിന്റെ വീട്ടിൽ നടത്തിയ റെയിഡിൽ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. റിയാസും പിടിയിലായി. അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കൽ സ്വദേശി അല്‍ത്താഫിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റിവോൾവർ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയര്‍ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി. അനസുമായി ബന്ധമുള്ള ഒരാൾ താമസിച്ചിരുന്ന തമിഴ്നാട് ആനമലയിലെ വീട്ടിലും ഗുരുവായൂരിലെ ഫ്ലാറ്റിലും റെയ്ഡ് നടത്തി. ഒരു വടിവാൾ കണ്ടെത്തി. മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ വീട്ടിലും ഇയാൾ ജോലി ചെയ്തിരുന്ന രാജാക്കാടുള്ള വീട്ടിലും റെയ്ഡ് നടത്തി. തമിഴ് നാട് മേട്ടുപാളയത്തെ മറ്റൊരു വീട്ടിലും റെയ്ഡ് നടന്നു. കൽപ്പറ്റയിലെ ഒരു റിസോർട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തി.

പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാളുടെ വീട്ടിലും ഒരേ സമയം റെയ്ഡ് നടന്നു. റിയാസിന്റെ വീട്ടിലെ റെയ്ഡ് വിവരം പുറത്ത് പോയതോടെ മറ്റ് പ്രതികൾ ഒളിവിൽ പോയതായാണ് സൂചന. ആലുവ മാവിൻചുവട് മുബാറക്ക് വധകേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് റിയാസ്. റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. അനസിന്റെ സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഔറംഗസേബ് എന്നയാൾ അടുത്തിടെ അനസിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അനസ് ഇപ്പോൾ ദുബായി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ഇയാൾ ദുബായിൽ സൂപ്പർ മാർക്കെറ്റ് തുടങ്ങിയെന്ന വിവരവും പുറത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ചെറുപ്പക്കാർ അടക്കം നിരവധി ആരാധകരുമുണ്ട് അനസിന്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com