മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണം; തീരുമാനത്തിന് പിന്തുണയെന്ന് ആവര്‍ത്തിച്ച് ടിഡിപി

ദലിതുകള്‍ക്കും എസ്സി- എസ്ടികള്‍ക്കും ഒബിസികള്‍ക്കും വേണ്ടിയുള്ള സംവരണം മതത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണം; തീരുമാനത്തിന് പിന്തുണയെന്ന് ആവര്‍ത്തിച്ച് ടിഡിപി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുന്ന തീരുമാനത്തെ പിന്തുണയ്ക്കുമെന്ന തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി സഖ്യകക്ഷി ടിഡിപി. മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അത് തുടരുമെന്നും ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

ദളിതരുടെയും ആദിവാസികളുടെയും മറ്റ് പിന്നാക്കക്കാരുടെയും ക്വാട്ടയില്‍ നിന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. തെലങ്കാനയിലെ സഹീറാബാദിലെ റാലിയിലായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് നിലപാട് ആവർത്തിച്ച് ടിഡിപി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസവും ആന്ധ്രപ്രദേശില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നിലനിര്‍ത്തുമെന്ന് ചന്ദ്ര ബാബു നായിഡു പറഞ്ഞിരുന്നു. സംസ്ഥാനത്ത് മുസ്ലിം സംവരണത്തിനായി ടിഡിപി സജീവമായി പോരാടിയിട്ടുണ്ടെന്നും വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നുമായിരുന്നു നായിഡു പറഞ്ഞത്.

കോണ്‍ഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവര്‍ അറിയണം- ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകള്‍ക്കും എസ്സി- എസ്ടികള്‍ക്കും ഒബിസികള്‍ക്കും വേണ്ടിയുള്ള സംവരണം മതത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com