'ലാവ്‌ലിന്‍ കേസില്‍ പിണറായി സഹായം തേടി'; ചാറ്റിന്റെ തെളിവ് കൈവശമുണ്ടെന്ന് നന്ദകുമാര്‍

തനിക്കെതിരെ സി എം രവീന്ദ്രനും ചിലരും പട നീക്കം നടത്തിയപ്പോഴും കൈരളി ചാനല്‍ വാര്‍ത്ത ചെയ്തപ്പോഴും പിണറായി വിജയന്‍ ഇടപെട്ടാണ് തടഞ്ഞതെന്നും നന്ദകുമാര്‍
'ലാവ്‌ലിന്‍ കേസില്‍ പിണറായി സഹായം തേടി'; ചാറ്റിന്റെ തെളിവ് കൈവശമുണ്ടെന്ന് നന്ദകുമാര്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം തേടിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ടി ജി നന്ദകുമാര്‍. പിണറായി വിജയനുമായുള്ള ചാറ്റിന്റെ തെളിവ് കൈവശമുണ്ടെന്ന് നന്ദകുമാര്‍ അവകാശപ്പെട്ടു. ബംഗാളിലെ നമ്പറില്‍ നിന്നാണ് പിണറായി വിജയന്‍ തന്നെ വിളിച്ചത്. അതിന് ശേഷമുള്ള ചാറ്റുകള്‍ തന്റെ കൈവശമുണ്ട്. പിണറായി വിജയന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. തനിക്കെതിരെ സി എം രവീന്ദ്രനും ചിലരും പട നീക്കം നടത്തിയപ്പോഴും കൈരളി ചാനല്‍ വാര്‍ത്ത ചെയ്തപ്പോഴും പിണറായി വിജയന്‍ ഇടപെട്ടാണ് തടഞ്ഞതെന്നും നന്ദകുമാര്‍ അവകാശപ്പെട്ടു. പടച്ചോന്‍ പറഞ്ഞാലും ഇപിക്ക് താനുമായുള്ള ബന്ധം വേര്‍പെടുത്താന്‍ കഴിയില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

ഇ പി ജയരാജന്‍- ജാവദേക്കര്‍ കൂടിക്കാഴ്ച്ച സര്‍പ്രൈസായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞു. ഈ കൂടിക്കാഴ്ച്ച ഇ പിയെ ബിജെപിയില്‍ എത്തിക്കാനായിരുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. കേഡര്‍ പൊലീസ് ആണ് ഇപിക്ക് ഒപ്പമുള്ളത്. ഇപിക്ക് രഹസ്യമായി വരാനൊന്നും പറ്റില്ല. വൈദേകം അന്വേഷണം സംബന്ധിച്ച് ജാവദേക്കര്‍ പറഞ്ഞപ്പോള്‍ ഇപി ചൂടായി. തൃശൂര്‍ ജയിക്കണം എന്ന് മാത്രമായിരുന്നു ജാവദേക്കറുടെ ആവശ്യം. അതിനെന്ത് ഡീലിങ്ങിനും തയ്യാറായിരുന്നു. അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നു ജാവദേക്കറുടെ ലക്ഷ്യം. പാര്‍ട്ടി മാറ്റം ആയിരുന്നില്ലെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശോഭാ സുരേന്ദ്രന്‍ തട്ടിപ്പുകാരിയാണെന്നും, പറയുന്നത് പച്ചക്കള്ളമാണെന്നും നന്ദകുമാര്‍ പറഞ്ഞു. കെ സുധാകരനും ശോഭയും പറയുന്നത് പച്ചക്കള്ളമാണ്. ശോഭ സുരേന്ദ്രന്‍ മീറ്റിങില്‍ പങ്കെടുത്തിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ശോഭ സുരേന്ദ്രന്‍ പങ്കാളിയായിട്ടില്ല. ഇപി രാമനിലയത്തില്‍ വെച്ച് ജാവദേക്കറെ കണ്ടെന്നും ഡല്‍ഹി സന്ദര്‍ശിച്ചുവെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയില്‍ നേരിടുന്ന അവഗണനയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് ശോഭ സുരേന്ദ്രന്റേതെന്നും നന്ദകുമാര്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com