മുഖ്യമന്ത്രിയും സിപിഐഎമ്മും ഇപ്പോൾ നിൽക്കുന്നത് തലയിൽ മുണ്ടിട്ട്: ഷാഫി പറമ്പിൽ

ജില്ലാ ജയിലിൽ നടക്കുന്നത് ഗുരുതര അനീതിയാണ്. ഇടിക്കട്ട കൊണ്ട് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. അവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു
മുഖ്യമന്ത്രിയും സിപിഐഎമ്മും ഇപ്പോൾ നിൽക്കുന്നത് തലയിൽ മുണ്ടിട്ട്: ഷാഫി പറമ്പിൽ

വടകര: തലയിൽ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും ഇപ്പോൾ നിൽക്കുന്നതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വടകര വർഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ലെന്നും അത്തരം ശ്രമങ്ങൾക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ-മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

''ഇതിൽ ആർക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്? വടകരയിലെ ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സിപിഐഎം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിൻ്റെ കാഴ്ച നഷ്ടപ്പെടും. പരസ്പര ധാരണയും ഡീലിങ്സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്?'', ഷാഫി പറമ്പിൽ ചോദിച്ചു. ജില്ലാ ജയിലിൽ നടക്കുന്നത് ഗുരുതര അനീതിയാണ്. ഇടിക്കട്ട കൊണ്ട് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. അവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ഇതേ വകുപ്പിൽ അറസ്റ്റ് ചെയ്യപ്പെട്ട സിപിഐഎം പ്രവർത്തകന് കൃത്യമായ ചികിത്സ നൽകുന്നുണ്ട്. ഡിസ്ചാർജ്ജിന് ധൃതി കൂട്ടിയ ഡോക്ടർ ആരെന്ന് ഞങ്ങൾക്ക് അറിയണം. പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട്. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപി പ്രഭാരിയുമായി നടത്തിയ ചർച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വർഗീയ ആരോപണമെന്ന് പറഞ്ഞ ഷാഫി എന്തിനാണ് മുഖ്യമന്ത്രി ബിജെപി പ്രഭാരിയുമായി ചർച്ച നടത്തിയതെന്നും ചോദിച്ചു. അതൊരു മനുഷ്യക്കുഞ്ഞ് പോലും അറിയാതെ നടത്തിയ രഹസ്യ ചർച്ചയാണ്, ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തൻ്റെ മേൽ വർഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ലെന്നും യുഡിഎഫ് നേതാവ് പറഞ്ഞു. മതത്തിൻ്റെ പ്ലസ് വേണ്ടെന്ന് താൻ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com