ജയിലിൽ നിന്നിറങ്ങി ഒറ്റ രാത്രികൊണ്ട് കവർന്നത് എട്ട് സ്മാർട്ട് ഫോണുകൾ; അതിഥിത്തൊഴിലാളി പിടിയിൽ

വില കൂടിയ മൊബൈൽ ഫോണുകളാണ് ലക്ഷ്യമിടാറുള്ളത്
ജയിലിൽ നിന്നിറങ്ങി ഒറ്റ രാത്രികൊണ്ട് കവർന്നത് എട്ട്  സ്മാർട്ട് ഫോണുകൾ; അതിഥിത്തൊഴിലാളി പിടിയിൽ

കൊച്ചി: ജയിലിൽ നിന്നിറങ്ങി ഒറ്റ രാത്രികൊണ്ട് എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന അതിഥിത്തൊഴിലാളിയായ മോഷ്ടാവ് പിടിയിൽ. അസം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആറുമാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.

ഈ മാസം 20-നാണ് കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്ന് രാത്രിയോടെ ഇയാൾ വില കൂടിയ 8 മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. എന്നാൽ പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചില്ല. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് മനസിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മറ്റ് അതിഥി തൊഴിലാളികൾക്കിടയിൽ താമസിക്കുന്ന ഇയാൾ പകൽ സ്ഥലങ്ങൾ കണ്ടുവയ്ക്കുകയും രാത്രി മോഷണം നടത്തുകയും ചെയ്യും. വില കൂടിയ മൊബൈൽ ഫോണുകളാണ് ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകൾ അതിഥിത്തൊഴിലാളികൾക്ക് വിൽപന നടത്തും. ഇയാളുടെ പേരിൽ വേറെയും മോഷണക്കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി മൊബൈൽ ഫോണുകൾ കണ്ടെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇൻസ്പെക്ടർ എം എം മഞ്ജുദാസ്, എസ്ഐ എസ്എസ് ശ്രീലാൽ, എഎസ്ഐ അബ്ദുൾ ജലീൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com