മേയറുമായി വാക്കുതര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

മേയറുമായി വാക്കുതര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

മേയര്‍ക്കെതിരായ ഡ്രൈവറുടെ പരാതിയില്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല.

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം ലഭിച്ചു. ഡിടിഒയ്ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശം നല്‍കി. അതേസമയം മേയര്‍ക്കെതിരായ ഡ്രൈവറുടെ പരാതിയില്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല.

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ വാദം. ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് യദു പറയുന്നു. എന്നാല്‍ ഡ്രൈവര്‍ അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചുവെന്ന് മേയര്‍ ആവര്‍ത്തിച്ചു. റെഡ് സിഗ്‌നലില്‍ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവര്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ് ഡ്രൈവര്‍ കാണിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ മുന്നേ ക്രിമിനല്‍ കേസുണ്ട്. റോഡ് സൈഡ് തരാത്ത പ്രശ്‌നമല്ല ഇത്. സിഗ്‌നലില്‍ വെച്ച് ബസ് നിര്‍ത്തിയപ്പോഴാണ് ചോദ്യം ചെയ്തത്, അല്ലാതെ ബസ് തടഞ്ഞ് നിര്‍ത്തിയിട്ടില്ല. അസഭ്യം പറയുന്ന കുടുംബത്തിലോ രാഷ്ട്രീയ പശ്ചാത്തലത്തിലോ അല്ല താന്‍ വളര്‍ന്നതെന്നും മേയര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com